+

ഇവിടെ ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്'; ഒഡീഷയില്‍ മര്‍ദ്ദനം നേരിട്ട വൈദികന്‍

ഒമ്പത് മണിയോടെ വണ്ടിയില്‍ തിരിച്ചു വരുന്നതിനിടെ എണ്‍പതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനില്‍ക്കുകയും വാഹനം തടയുകയും ചെയ്തുവെന്ന് ആക്രമണം നേരിട്ട ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു

ഒഡീഷയില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത് കുര്‍ബാനയ്ക്ക് എത്തി തിരിച്ചു പോകവെയെന്ന് ആക്രമണം നേരിട്ട മലയാളി വൈദികന്‍. ഒഡീഷയിലെ ജലേശ്വറിലാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളേയും മലയാളി വൈദികരേയും മര്‍ദിച്ചത്. ഇടവകയ്ക്ക് കീഴിലുള്ള ഒരു വീട്ടില്‍ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള കുര്‍ബാനയ്ക്ക് പോയതായിരുന്നു. ഒമ്പത് മണിയോടെ വണ്ടിയില്‍ തിരിച്ചു വരുന്നതിനിടെ എണ്‍പതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനില്‍ക്കുകയും വാഹനം തടയുകയും ചെയ്തുവെന്ന് ആക്രമണം നേരിട്ട ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.

എന്തിനിവിടെ വന്നുവെന്ന് ചോദിച്ചപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതാണെന്നും കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങി. കൈ കൊണ്ട് പുറത്തടിച്ചു. ബൈക്ക് നശിപ്പിക്കുകയും എല്ലാവരുടേയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു. വണ്ടിയില്‍ നിന്ന് പുറത്തിറക്കിയാണ് മര്‍ദിച്ചതെന്ന് ഫാദര്‍ പറഞ്ഞു. രാത്രിയില്‍ എന്തിനാണ് ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നതെന്നും മതപരിവര്‍ത്തനത്തിന് വന്നതല്ലേ എന്നും ചോദിച്ചായിരുന്നു അതിക്രമം. നിങ്ങള്‍ ഇന്ത്യയെ അമേരിക്കയാക്കാന്‍ പോകുകയാണോ ഇപ്പോള്‍ ബിജെപിയാണ് രാജ്യം ഭരിക്കുന്നത് എന്നെല്ലാം പറഞ്ഞ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രോശിച്ചു. പൊലീസ് എത്തിയാണ് തങ്ങളെ ഹൈവേ വരെ എത്തിച്ചതെന്നും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

facebook twitter