ഭുവനേശ്വർ: ഓർഡർ ചെയ്‌ത ഭക്ഷണം വൈകിയത് ചോദ്യംചെയ്‌ത സ്ത്രീയെ ക്രൂരമായി പരിക്കേല്‍പ്പിച്ച് ഫുഡ് ഡെലിവറി ഏജന്റ്.ഒഡീഷയിലാണ് സംഭവം. പരിക്കേറ്റ ബിനോദിനി രഥ് എന്ന സ്‌ത്രീ അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതി തപൻ ദാസിനെ പൊലീസ് സംഭവസ്ഥലത്ത് നിന്നുതന്നെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓർഡർ ചെയ്‌ത് ഭക്ഷണം ഏറെ വൈകിയാണ് തപൻ ദാസ് എത്തിച്ചത്. ഇത് ബിനോദിനി ചോദ്യം ചെയ്‌തു. തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെ തപൻ ദാസ് ഒരു മൂർച്ചയേറിയ ആയുധമെടുത്ത് ബിനോദിനിയുടെ കഴുത്തിലും തലയിലും കയ്യിലും കാലിലുമെല്ലാം കുത്തി.
ഗുരുതരമായി പരിക്കേറ്റ സ്‌ത്രീയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിനോദിനി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ആയുധം പിടിച്ചെടുത്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസമയത്ത് തപൻ മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.