ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തിലാണെന്ന് തുറന്നുപറഞ്ഞ് നടന്‍ ജോണ്‍ എബ്രഹാം. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മലയാള സിനിമയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ ജോണ്‍ എബ്രഹാം, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വാനോളം പുകഴ്ത്താനും മടിച്ചില്ല.
'ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ ഉണ്ടാകുന്നത് കേരളത്തിലാണ്. അവിടുത്തെ സിനിമകള്‍ക്ക് അതിന്റേതായ നിലവാരമുണ്ട്. കഥകള്‍ അവതരിപ്പിക്കുന്ന രീതിയും വളരെ വ്യത്യസ്തമാണ്,' ജോണ്‍ എബ്രഹാം പറഞ്ഞു.
സംസാരത്തിനിടയില്‍ പ്രത്യേകിച്ച് മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം എടുത്ത് സംസാരിച്ചപ്പോള്‍, അത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. 'ഒരു രാഷ്ട്രീയക്കാരനായി അഭിനയിച്ച ശേഷം, ആ കഥാപാത്രം ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് സിനിമയിലൂടെ വെളിപ്പെടുത്തുമ്പോള്‍, അതൊരു ധീരമായ കഥാപാത്രമാണ്. അങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് വളരെ ധീരമായ കാര്യവുമാണ്,' ജോണ്‍ എബ്രഹാം വ്യക്തമാക്കി. മലയാളത്തിലെ കഥാകാരന്മാരെയും തിരക്കഥാകൃത്തുക്കളെയും പ്രശംസിച്ച ജോണ്‍ എബ്രഹാം, കൂടുതല്‍ മലയാള സിനിമകള്‍ നിര്‍മ്മിക്കുവാനും അതുപോലെതന്നെ മറ്റ് ഭാഷകളിലേക്ക് എത്തിക്കുവാനും തനിക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞു. ഇതിനായി ഒരു റൈറ്റേഴ്‌സ് റൂം തുടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.
?തന്റെ ഇഷ്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മോഹന്‍ലാല്‍ ഒരു മികച്ച നടനാണ്. അദ്ദേഹത്തിന്റെ അഭിനയം എന്നെ അതിശയിപ്പിക്കാറുണ്ട്. അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ അഭിനയം,' ജോണ്‍ എബ്രഹാം അഭിപ്രായപ്പെട്ടു.