ബാലയ്യ പഴയ ആളല്ല, 'അഖണ്ഡ 2' വിനായി പ്രതിഫലം കുത്തനെ ഉയർത്തി നടൻ

07:35 PM May 07, 2025 | Kavya Ramachandran

 ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൊട്ടതെല്ലാം പൊന്നാക്കുകയാണ് ബാലയ്യ. തുടർച്ചായി നാല് 100 കോടി സിനിമകളാണ് ബാലയ്യയുടെതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ ബാലയ്യയുടെ പ്രതിഫലത്തെ സംബന്ധിച്ചുള്ള അപ്ഡേറ്റ് ആണ് സിനിമാപ്രേമികളെ ഞെട്ടിക്കുന്നത്.

നിലവിൽ 12 കോടി മുതൽ 18 കോടി വരെയാണ് ഓരോ സിനിമയ്ക്കും ബാലയ്യ വാങ്ങുന്നത്. എന്നാൽ അടുത്ത ചിത്രമായ അഖണ്ഡ 2 വിൽ നടൻ തന്റെ പ്രതിഫലം കുത്തനെ ഉയർത്തി എന്ന വാർത്തയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 35 കോടിയാണ് ഈ സിനിമയ്ക്കായി ബാലയ്യ വാങ്ങുന്നത്. ഇതിന് പിന്നാലെ ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ 45 കോടിയാണ് ബാലയ്യ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഗ്രേറ്റ് ആന്ധ്ര.കോം റിപ്പോർട്ട് ചെയ്യുന്നത്. ഇത് തെലുങ്ക് സിനിമാലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബാലകൃഷ്ണ സിനിമകൾ തുടർച്ചയായി 100 കോടി നേടുന്നതിനാലാണ് നടൻ പ്രതിഫലം ഉയർത്തിയതെന്നാണ് സംസാരം.

ബോയപതി ശ്രീനു സംവിധാനം 2021 ൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇപ്പോൾ ബാലകൃഷ്ണ അഭിനയിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രത്തിന്റെ ഒടിടി വിതരണാവകാശത്തിനായി നിർമാതാക്കൾ 100 കോടി ആവശ്യപ്പെട്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. പ്രഗ്യാ ജെയ്സ്വാൾ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത് ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജൻറ്, അഖണ്ഡ എന്നീ ചിത്രങ്ങൾ എല്ലാം വൻ വിജയങ്ങളായിരുന്നു.