
മലപ്പുറം : വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. വണ്ടൂർ കരിമ്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യന്നയാളാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്‌സറിയിൽ നിന്നും 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ 3425 രൂപ നൽകിയാണ് വാങ്ങിയത്.
പത്ത് മാസത്തിനകം വാഴകുലക്കുമെന്നും ഓണവിപണിയിൽ വിൽപ്പന നടത്താമെന്നും കരുതിയാണ് വാഴകന്നുകൾ വാങ്ങിയത്. എന്നാൽ സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രവാഴക്ക് പകരം സ്വർണ്ണമുഖി എന്ന ഇനത്തിൽ പെട്ട കന്നുകളാണ് അലവിക്ക് ലഭിച്ചത്. മറ്റ് കന്നുകളും ആവശ്യപ്പെട്ട പ്രകാരമായിരുന്നില്ല കിട്ടിയത്. തുടർന്നാണ് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മീഷനും കൃഷിസ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
പരാതിക്കാരന്റെ വാദഗതികൾ ശരിവെച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ അംഗീകരിച്ച് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴകന്നുകൾക്ക് നൽകിയ വില 3425 രൂപയും വളം ചേർക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകുന്നതിന് കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം ഒമ്പത് ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചുങ്കത്തറ കാർഷിക നഴ്‌സറി ആൻഡ് ഗാർഡൻ സർവീസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമ്മിഷന്റെ വിധി.