ജമ്മുകശ്മീര്‍ അടക്കം അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാകിസ്ഥാന്റെ രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ എട്ട് പാക് നഗരങ്ങളിലേക്ക് തിരിച്ചടിച്ച് ഇന്ത്യ. ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇസ്ലാമാബാദ്, റാവല്‍പിണ്ടി, സിയാല്‍കോട്ട്, ലഹോര്‍, പെഷ്വാര്, ഗുജ്രണ് വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തി. 3 പാകിസ്ഥാന് വ്യോമത്താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. പാക് പോര് വിമാനം തകര്‍ത്തു തുടങ്ങിയ വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള വ്യോമതാവളത്തില്‍ അടക്കം ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ഇസ്ലാമാബാദില് നിന്ന് 10 കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നുള്ളതുമായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന് വ്യോമതാവളം ഉള്‍പ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നതെന്ന് പാകിസ്ഥാന് സ്ഥിരീകരിച്ചു.