+

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും പുറത്ത്, സഞ്ജുവിന്റെ അച്ഛന് രോഹിത് കൊടുത്ത പണിയോ? മികച്ച ഫോമിലുള്ള കരുണ്‍ നായരേയും തഴഞ്ഞു

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പരിഗണിച്ചില്ല.

ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പരിഗണിച്ചില്ല. സഞ്ജു ഏകദിന ടീമില്‍ സ്ഥിര സാന്നിധ്യമല്ലാത്തതുകൊണ്ടുതന്നെ താരത്തെ പരിഗണിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ടി20 ക്രിക്കറ്റിലെ ഉജ്വല ഫോം ആഭ്യന്തര ക്രിക്കറ്റിലും ആവര്‍ത്തിക്കാനായെങ്കില്‍ സഞ്ജു ടീമിലെത്തുമായിരുന്നു.

ടി20 ക്രിക്കറ്റിലെ സഞ്ജുവിന്റെ സമീപകാല റെക്കോര്‍ഡ് ബിസിസിഐ അംഗീകരിക്കുകയും കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു, എന്നാല്‍ 13 മാസത്തിലേറെയായി 50 ഓവര്‍ മത്സരം കളിക്കാത്ത ഒരാളെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കാനാകില്ലെന്നാണ് ബിസിസിഐ നിലപാട്. ബിസിസിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കേന്ദ്ര കരാറുള്ള എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റില്‍ അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കണമെന്നാണ്. എന്നാല്‍, 2024-25ലെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി സഞ്ജു ഉണ്ടായിരുന്നില്ല.

വിജയ് ഹസാരെയില്‍ കളിക്കാന്‍ സഞ്ജു താത്പര്യം പ്രകടിപ്പിച്ചെങ്കിലും കെസിഎ പരിഗണിക്കാതിരുന്നതാണ് തിരിച്ചടിയായത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഏക ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണമെന്റാണ് സഞ്ജുവിന് നഷ്ടമായത്. കേരള ടീമില്‍ പോലും ഉള്‍പ്പെടാത്ത സഞ്ജുവിനെ എങ്ങിനെ ദേശീയ ടീമില്‍ കളിപ്പിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചോദിക്കുന്നത്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ സഞ്ജുവിന് 50 റണ്‍സിലേറെ ശരാശരിയുണ്ട്. ലഭിച്ച പരിമിതമായ അവസരങ്ങളില്‍ താരം തിളങ്ങി. എന്നാല്‍, മൊത്തത്തിലുള്ള ലിസ്റ്റ് എ റെക്കോര്‍ഡ് പരിശോധിച്ചാല്‍ 128 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികള്‍ മാത്രമാണുള്ളത്.

സഞ്ജു ടീമില്‍ നിന്നും അവഗണക്കപ്പെടുമ്പോള്‍ താരത്തിന്റെ പിതാവ് അടുത്തിടെ രോഹിത് ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയ കളിക്കാര്‍ക്കെതിരായ വിമര്‍ശനം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. രോഹിത്തും കോഹ്ലിയും ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്മാര്‍ സഞ്ജുവിന്റെ കരിയര്‍ നശിപ്പിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇത് ടീം സെലക്ഷനിലും പ്രതിഫലിച്ചിട്ടുണ്ടാകാമെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.

ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്. ധ്രുവ് ജുറലിനെ പരിഗണിച്ചില്ല. മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരേയും ടീമില്‍ എടുക്കാത്തത് അത്ഭുതപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ സെഞ്ച്വറികള്‍ നേടി അമ്പരപ്പിച്ച കരുണിനെ എന്തിന് തഴഞ്ഞു എന്നത് വ്യക്തമല്ല. പല സീനിയര്‍ കളിക്കാരേക്കാളും മികച്ച ഫോമിലാണ് കരുണ്‍.

facebook twitter