ഹോം വര്‍ക്ക് ചെയ്യാത്തതിന് അടിച്ചു; അധ്യാപകരെ സ്‌കൂളില്‍ കയറി തല്ലി വിദ്യാര്‍ത്ഥിയുടെ കുടുംബം

09:01 AM Jul 09, 2025 | Suchithra Sivadas

ഹോം വര്‍ക്ക് ചെയ്യാത്ത വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജന്‍ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മര്‍ദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിഹാറിലെ ഷാവാസ്പൂര്‍ മിഡില്‍ സ്‌കൂളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഹോം വര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചതും ശകാരിച്ചതും വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധ്യാപകന്‍ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങള്‍ ആക്രമിച്ചു.