അച്ഛന്‍ വിക്രമിന്റെ കയ്യില്‍ നിന്ന് അടികിട്ടിയ രസകരമായ സംഭവം വിവരിച്ച് ധ്രുവ് വിക്രം. ഐ എന്ന സിനിമയിലെ 'മേഴ്‌സലായിട്ടേന്‍' എന്ന ഗാനം പുറത്തിറങ്ങും മുന്‍പ് താന്‍ പെന്‍ഡ്രൈവിലാക്കി അത് സ്‌കൂളില്‍ കൊണ്ടുപോയിട്ടുണ്ടെന്നും ഇതറിഞ്ഞ അച്ഛന്‍ തന്നെ അടിച്ചെന്നും പറയുകയാണ് ധ്രുവ്. നടന്റെ ഏറ്റവും പുതിയ സിനിമയായ ബൈസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് ധ്രുവ് ഇക്കാര്യം പറഞ്ഞത്.
'എന്റെ അച്ഛന്‍ ഇതുവരെ എന്നെ ജീവിതത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമാണ് അടിച്ചിട്ടുള്ളത്. ഐയിലെ മേഴ്‌സലായിട്ടേന്‍ എന്ന ഗാനം ഷൂട്ടിങിന് മുന്‍പ് അവര്‍ ഒരു പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ഷൂട്ടിന് മുന്‍പ് അത് പുറത്ത് പോകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ പെന്‍ഡ്രൈവ് എന്റെ കയ്യില്‍ കിട്ടി. സ്‌കൂളില്‍ എല്ലാവര്‍ക്കും കാണിക്കണമെന്ന് വിചാരിച്ച് ഞാന്‍ പെന്‍ഡ്രൈവും എടുത്തുകൊണ്ട് പോയി. ക്ലാസിലെ എല്ലാവര്‍ക്കും ഞാന്‍ പാട്ട് കാണിച്ചുകൊടുത്തു. ആ സമയത്ത് അച്ഛന്‍ സിനിമയ്ക്ക് വേണ്ടി ബോഡി ബില്‍ഡര്‍ ഗെറ്റപ്പിലായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് മുതുകില്‍ ഒരൊറ്റ അടി അദ്ദേഹം തന്നു. അതിന്റെ പാട് രണ്ടാഴ്ചയോളം ഉണ്ടായിരുന്നു', ധ്രുവ് വിക്രമിന്റെ വാക്കുകള്‍.
വിക്രമിനെ നായകനാക്കി ഷങ്കര്‍ ഒരുക്കിയ സിനിമയാണ് ഐ. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ ബോക്‌സ് ഓഫീസിലും വിജയിച്ചിരുന്നു. ചിത്രത്തിനായി എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.