+

അത്‌ലറ്റിക് പ്രകടനം മെച്ചപ്പെടുത്താൻ ഈ ജ്യൂസ് സഹായിക്കും

അത്‌ലറ്റിക് പ്രകടനം മെച്ചപ്പെടുത്താൻ ഈ ജ്യൂസ് സഹായിക്കും

മാതളനാരങ്ങയിൽ ധാരാളം പോഷക​ഗുണങ്ങളുണ്ട്. മാതളനാരങ്ങയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികളും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ്.

മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ  ഗ്രീൻ ടീയേക്കാളും ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

ഒരു മാതളനാരങ്ങയിൽ 64 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക പഞ്ചസാരയുടെയും ഉയർന്ന ഉള്ളടക്കമുണ്ട്. ഒരു മാതള നാരങ്ങയിൽ 14 ഗ്രാം കാർബോഹൈഡ്രേറ്റും 11 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. 3 ഗ്രാം ഫൈബറും 1 ഗ്രാം പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.

വർധിച്ചുവരുന്ന പ്രായവും ജീവിതരീതിയും അനുസരിച്ച് കൊളസ്ട്രോൾ കാരണം ധമനികളുടെ ഭിത്തികൾ കഠിനമാവുകയും ചിലപ്പോൾ തടസ്സങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മാതളനാരങ്ങയുടെ ആന്റി ഓക്‌സിഡന്റ് ഗുണം ചീത്ത കൊളസ്‌ട്രോൾ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുന്നു. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകൾ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. മാതളനാരങ്ങ ജ്യൂസ് ഉദ്ധാരണക്കുറവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

മാതളനാരങ്ങ ജ്യൂസിന് പ്രോസ്റ്റേറ്റ് കാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മാതളനാരങ്ങ ജ്യൂസ് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനും സഹായകമാണ്. എലികളിൽ നടത്തിയ പഠനത്തിൽ മാതളനാരങ്ങ കഴിക്കുന്നത് അൽഷിമേഴ്‌സിനെ തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന മാതളനാരങ്ങയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് പ്യൂനിസിക് ആസിഡ്. ദൈനംദിന ഭക്ഷണത്തിൽ മാതളനാരങ്ങ ചേർക്കുന്നത് ഫെെബർ ലഭിക്കുന്നതിന് സഹായിക്കുന്നു.

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിറോ ആർത്രൈറ്റിസ് തുടങ്ങിയ രോഗപ്രതിരോധ സംബന്ധമായ തകരാറുകൾ ഉള്ളവർക്ക് മാതളനാരങ്ങ വളരെ ആരോഗ്യകരമാണ്. അവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആൻറിബോഡി ഉത്പാദനം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്താനും സാധാരണ രോഗങ്ങളെയും അണുബാധകളെയും അകറ്റി നിർത്താനും മാതളനാരങ്ങയ്ക്ക് കഴിയും. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നവരിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറവായിരിക്കുമെന്ന് ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. സ്ഥിരമായി മാതളനാരങ്ങ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം അത്‌ലറ്റിക് പ്രകടനത്തിനും ഗുണം ചെയ്യും.

facebook twitter