ബാംഗ്ലൂരില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ മുറിയില്‍ അതിക്രമിച്ചു കയറി പണം തട്ടിയ ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജനുവരി 25 ന് പുലര്‍ച്ചെയാണ് സുരേഷ് കുമാര്‍ (40) എന്ന ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന എംഎസ് രാമയ്യ നഗറിലെ വിദ്യാര്‍ഥികളുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറിയത്. മലയാളിയായ ബി എസ് സി വിദ്യാര്‍ഥിനി ഉള്‍പ്പടെ മൂന്നുപേര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും നിരന്തരം ശല്യമുണ്ടാകുന്നു എന്നും അത് അന്വേഷിക്കാനാണ് താന്‍ എത്തിയതെന്നും പറയുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, സുരേഷ് കുമാര്‍ വാതിലില്‍ മുട്ടി, വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വാതില്‍ തുറന്നപ്പോള്‍, അവരുടെ മുറിയില്‍ നിന്ന് ശല്യമുണ്ടായതായി പരാതി ലഭിച്ചതായി വ്യാജമായി അവകാശപ്പെട്ടു. തുടര്‍ന്ന് അനുവാദമില്ലാതെ മുറിയില്‍ പ്രവേശിച്ച് താമസക്കാരോട് മോശമായി പെരുമാറുകയും തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തുകയും പ്രതി 5,000 രൂപ തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.
പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിദ്യാര്‍ഥി പുറത്തുള്ള മറ്റൊരു സുഹൃത്തിന് വിഷയത്തെ പറ്റി സന്ദേശം അയച്ചു.ഉടന്‍ തന്നെ സുഹൃത്ത് സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴാണ് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് പറ്റിയ അക്കിടി മനസ്സിലാക്കിയത്. ഇത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനല്ല എന്നും ആറ് മാസം മുമ്പ് തന്നില്‍ നിന്ന് പണം തട്ടിയ അതേ ആളാണ് ഇതെന്നും പുറത്ത് നിന്ന് വന്ന സുഹൃത്ത് ഉടന്‍ തന്നെ തിരിച്ചറിഞ്ഞു.
തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ പോലീസ് ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചു. തുടര്‍ന്ന് പൊലീസെത്തി സുരേഷ് കുമാറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു.