+

പുതിയ ഫ്‌ലാറ്റ് 80 ലക്ഷം രൂപയ്ക്ക് വാങ്ങി 60,000 രൂപ മാസം അടക്കുന്നതാണോ, അതോ 40,000 രൂപ വാടക നല്‍കി താമസിക്കുന്നതാണോ നല്ലത്? വൈറലായി ഒരു കുറിപ്പ്, ആളുകളുടെ പ്രതികരണം ഇങ്ങനെ

ബെംഗളുരുവിലെ ബോംമനഹള്ളിക്ക് സമീപമുള്ള ഒരു 3 ബെഡ്‌റൂം ഫ് ളാറ്റ് 80 ലക്ഷം രൂപയ്ക്ക് വാങ്ങണോ അതോ 40,000 രൂപ വാടകയ്ക്ക് മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറണോ എന്ന ആശയക്കുഴപ്പത്തിലാണ് ഒരു യുവാവ്.

 

ബെംഗളുരു: ബെംഗളുരുവിലെ ബോംമനഹള്ളിക്ക് സമീപമുള്ള ഒരു 3 ബെഡ്‌റൂം ഫ് ളാറ്റ് 80 ലക്ഷം രൂപയ്ക്ക് വാങ്ങണോ അതോ 40,000 രൂപ വാടകയ്ക്ക് മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറണോ എന്ന ആശയക്കുഴപ്പത്തിലാണ് ഒരു യുവാവ്. താന്‍ താമസിക്കുന്ന വീട്ടുടമ വീട് വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് യുവാവ് റെഡ്ഡിറ്റില്‍ സംശയവുമായി എത്തിയത്.

ഏഴ് വര്‍ഷത്തിലേറെയായി ഭാര്യയ്ക്കും മകനുമൊപ്പം ബെംഗളുരുവില്‍ താമസിക്കുന്ന യുവാവ്, നിലവില്‍ 22,000 രൂപ വാടകയാണ് നല്‍കുന്നത്. 80 ലക്ഷം രൂപ വിലയുള്ള ഈ ഫ് ളാറ്റ് ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. വീട് വാങ്ങാന്‍ തീരുമാനിച്ചാല്‍, 20 ലക്ഷം രൂപ മുന്‍കൂര്‍ തുകയായി നല്‍കി, ബാക്കി 60 ലക്ഷം രൂപ 15 വര്‍ഷത്തേക്ക് വായ്പയെടുക്കേണ്ടി വരും. ഇതിന്റെ മാസം തോറുമുള്ള തിരിച്ചടവ് 60,000 രൂപയോളം വരും. എന്നാല്‍, മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറുകയാണെങ്കില്‍, വാടക 40,000 രൂപയോളം വരും, കാരണം ബെംഗളുരുവില്‍ വാടകനിരക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

യുവാവിന്റെ മാസ വരുമാനം 2.4 ലക്ഷം രൂപയും ഭാര്യയുടേത് 1.1 ലക്ഷം രൂപയുമാണ്. വായ്പകള്‍, വീട്ടുചെലവുകള്‍, നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ കഴിച്ച്, ഇവര്‍ക്ക് മോശമല്ലാത്ത സേവിംഗ്‌സും അത്യാവശ്യ ആവശ്യത്തിനായി 10 ലക്ഷം രൂപ വീതവും ഉണ്ട്. വീട് വാങ്ങുന്നതിനായി 20 ലക്ഷം രൂപ ഇവര്‍ മാറ്റിവച്ചിട്ടുമുണ്ട്.

റെഡ്ഡിറ്റില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളില്‍ ഭൂരിഭാഗവും വീട് വാങ്ങാന്‍ അനുകൂലമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വീട് വാങ്ങുന്നത് കൂടുതല്‍ ലാഭകരമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍, മറ്റ് വായ്പകള്‍ ഉള്ളതിനാല്‍, മാസനിക്ഷേപങ്ങള്‍ താല്‍ക്കാലികമായി കുറച്ച് ഇഎംഐകള്‍ നിയന്ത്രിക്കാമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. ബോണസോ വര്‍ദ്ധനവോ ലഭിക്കുമ്പോള്‍ വായ്പയുടെ ഭാഗികമായ തിരിച്ചടവ് നടത്തി കാലാവധി കുറയ്ക്കാമെന്നും ഉപദേശമുണ്ട്. കൂടാതെ, 8-10 വര്‍ഷം ഈ ഫ്‌ലാറ്റില്‍ താമസിക്കാന്‍ പദ്ധതിയുണ്ടോ, സമീപത്ത് നല്ല സ്‌കൂളുകള്‍ ഉണ്ടോ, ജോലിസ്ഥലത്തേക്കുള്ള യാത്ര സൗകര്യപ്രദമാണോ തുടങ്ങിയവയും പരിഗണിക്കണമെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗശിക്കിന്റെ ഒരു പോസ്റ്റില്‍, വീട് വാങ്ങുന്നത് എല്ലായ്‌പ്പോഴും വാടകയേക്കാള്‍ മികച്ചതല്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കൂര്‍ തുകയ്ക്കായി സേവിംഗ്‌സ് തീര്‍ക്കുകയും, വരുമാനത്തിന്റെ 40%-ലധികം ഇഎംഐയ്ക്കായി ചെലവഴിക്കുകയും ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഇഎംഐ വരുമാനത്തിന്റെ 25-30% പരിധിയില്‍ നിര്‍ത്തുകയും 6-12 മാസത്തെ അടിയന്തിര ചെലവുകള്‍ക്കുള്ള സേവിംഗ്‌സ് ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.

ബെംഗളൂരുവിലെ വാടകനിരക്കുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ റെഡ്ഡിറ്റില്‍ വൈറലായിട്ടുണ്ട്. ഉദാഹരണത്തിന്, ഹരളൂരില്‍ 1,464 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു 3 ബെഡ്‌റൂം ഫ്‌ലാറ്റിന് 2.7 ലക്ഷം രൂപ വാടകയും 15 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായി. പനത്തൂര്‍ ഏരിയയില്‍ 2 ബെഡ്‌റൂം ഫ്‌ലാറ്റിന് 70,000 രൂപ വാടകയും 5 ലക്ഷം രൂപ ഡെപ്പോസിറ്റും ആവശ്യപ്പെട്ടതും വാര്‍ത്തയായി.
 

facebook twitter