പരീക്ഷയിൽ ജയിച്ചെന്ന് കള്ളം പറഞ്ഞു ; ബെംഗളൂരുവിൽ മകളെ കുത്തിക്കൊന്ന് അമ്മ

06:32 PM Apr 11, 2025 | Neha Nair

ബെംഗളൂരു: ബെംഗളൂരുവിൽ പരീക്ഷയിൽ ജയിച്ചെന്ന് കള്ളം പറഞ്ഞ മകളെ കുത്തിക്കൊന്ന് മാതാവ്. പിയു ( പ്രീ യൂണിവേഴ്സിറ്റി) പരീക്ഷയിൽ വിജയിച്ചെന്ന് കള്ളം പറഞ്ഞതിനാണ് ഏക മകളെ അമ്മ കൊലപ്പെടുത്തിയത്. ഇവർക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ബനശങ്കരി സ്വദേശി ഭീമനേനി പത്മിനി റാണി (59) യെയാണ് സിറ്റി കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിൽ 29നാണ് പത്മിനി മകൾ സാഹിതി ശിവപ്രിയയെ കുത്തിക്കൊന്നത്. പിയു പരീക്ഷാഫലം വന്നപ്പോൾ ശിവപ്രിയ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് മറച്ചുവച്ച് തനിക്ക് 95% മാർക്കുണ്ടെന്ന് അമ്മയെ വിശ്വസിപ്പിച്ചു. മകളുടെ വിജയം ആഘോഷിക്കാൻ ബന്ധുക്കൾക്ക് വിരുന്ന് ഉൾപ്പെടെ പത്മിനി നൽകി.

ഡിഗ്രിക്ക് വിദേശത്ത് പഠിക്കാൻ വേണ്ട ക്രമീകരണം ചെയ്യുന്നതിനിടെയാണ് മകൾ പരാജയപ്പെട്ട കാര്യം പത്മിനി അറിയുന്നത്. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ശിവപ്രിയയെ കുത്തിയത്. മകൾ മരിച്ചെന്ന് ഉറപ്പായപ്പോൾ പത്മിനി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും അയൽക്കാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.