ബെംഗളൂരു: സ്കൂൾ ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക എറിഞ്ഞ വടിയുടെ അറ്റം കണ്ണിൽ കൊണ്ട് ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. യശ്വന്ത് എന്ന വിദ്യാർഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ചിക്കബെല്ലാപുര ചിന്താമണി സർക്കാർ സ്കൂളിൽ കഴിഞ്ഞ വർഷം മാർച്ച് 6ന് നടന്ന സംഭവത്തിൽ അധ്യാപിക ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.
വടി എറിഞ്ഞ അധ്യാപിക സരസ്വതിക്ക് പുറമേ, സംഭവം മറച്ചുവച്ചതിന് അധ്യാപകരായ അശോക്, നാരായണസ്വാമി, രാമ റെഡ്ഡി, വെങ്കിട്ടരമണ റെഡ്ഡി എന്നിവർക്കും ചിക്കബെല്ലാപുര ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉമാദേവിക്കുമെതിരെയാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്. യശ്വന്തിന്റെ പരുക്കേറ്റ കണ്ണിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടും കാഴ്ച തിരിച്ചുകിട്ടാതെ വന്നതോടെയാണു പരാതി നൽകിയത്.