ബെംഗളുരു: ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ജോലി ഉണ്ടായാലും തങ്ങളുടെ പാഷന് ഇണങ്ങാത്ത സംതൃപ്തി നല്‍കാത്തതാണ് അതെങ്കില്‍ രാജിവെച്ച് പോകുന്ന അപൂര്‍വം ചിലരുണ്ട്. ജീവിതത്തില്‍ റിസ്കെടുക്കാന്‍ തയ്യാറാകുന്ന ഇവരിലൊരാളാണ് ബെംഗളുരുവില്‍ താമസിക്കുന്ന അസ്മിത.
തന്റെ പാഷനുവേണ്ടി ഒരു പ്രശസ്ത ടെക് കമ്പനിയില്‍ എച്ച്ആര്‍ പ്രൊഫഷണലായ അസ്മിത പ്രതിമാസം 1.5 ലക്ഷം രൂപയുള്ള ജോലി ഉപേക്ഷിച്ചു. ഒരു വര്‍ഷമായി അവരുടെ ഇഷ്ട വിനോദങ്ങളിലൊന്നായ കേക്ക് നിര്‍മാണം പ്രൊഫഷണലാക്കിയിരിക്കുകയാണ്.
അവരുടെ ഭര്‍ത്താവ് സാഗര്‍ അസ്മിതയുടെ കേക്കിന്റെ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് അവരുടെ കഥ ശ്രദ്ധ നേടിയത്. ഇവ ഉണ്ടാക്കാന്‍ എന്റെ ഭാര്യ 1.5 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതായി സാഗര്‍ കുറിച്ചു. ഒരു കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്കായി അസ്മിത ബേക്ക് ചെയ്ത മാംഗോ വാനില കപ്പ് കേക്കുകളുടെ ഫോട്ടോയാണ് സാഗര്‍ പങ്കുവെച്ചത്.
പോസ്റ്റ് എക്സില്‍ അതിവേഗം വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് പോസ്റ്റ് കണ്ടത്. മടുപ്പിക്കുന്ന ജോലി ഉപേക്ഷിച്ച് തങ്ങളുടെ പാഷനിലേക്ക് മാറാന്‍ പലര്‍ക്കും താത്പര്യമുണ്ടെങ്കിലും റിസ്കെടുക്കാനുള്ള ധൈര്യമില്ല.
കാഴ്ചയില്‍ രുചികരമായി തോന്നുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങളുടെ ഭാര്യ തന്റെ പാഷന് പിന്തുടരുകയാണ്, ഒരു ദിവസം അത് വലിയ വിജയത്തിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അയാള്‍ എഴുതി.
30 ലക്ഷം രൂപ വാര്‍ഷിക ജോലി പോലും പൂര്‍ണ്ണമായ തൃപ്തി നല്‍കില്ലെന്ന് ആളുകള്‍ ഇതില്‍ നിന്ന് പഠിക്കണം. നിങ്ങളുടെ ഹൃദയം ശരിക്കും ആഗ്രഹിക്കുന്നത് എന്താണോ അതാകാന്‍ ശ്രമിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
അസ്മിത അവരുടെ ഇന്‍സ്റ്റാഗ്രാം പേജ് വഴിയാണ് ബേക്ക് ചെയ്ത സാധനങ്ങള്‍ വില്‍ക്കുന്നത്. കരിയര്‍ മാറ്റാന്‍ തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍, അവര്‍ ഇങ്ങനെ മറുപടി നല്കി: ബെംഗളുരു അവസരങ്ങളുടെ ഒരു നഗരമാണ്, ആളുകള്‍ സ്വപ്നങ്ങള്‍ പിന്തുടര്ന്ന് കമ്പനികള്‍ നിര്‍മ്മിക്കുന്നതും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതും എപ്പോഴും ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട്, എനിക്കും സ്വയം ഒരു അവസരം നല്കി ശ്രമിച്ച് നോക്കാമെന്ന് തീരുമാനിച്ചു.
അസ്മിത ബേക്കിംഗ് 2020-ല്‍ ഒരു ഹോബിയായി ആരംഭിച്ചു. 2023 ഓഗസ്റ്റില്‍ ലവോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സര്ട്ടിഫിക്കേഷന് പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ പ്രൊഫഷണലായി ബേക്കിംഗ് ആരംഭിച്ചത്.
കരിയര്‍ മാറ്റാന്‍ ആലോചിക്കുന്നവര്‍ക്ക് അവര്‍ നല്കുന്ന ഉപദേശം ഇങ്ങനെയാണ്, 12 മാസത്തെ ചെലവുകള്‍ക്കുള്ള പണം സേവ് ചെയ്ത് വയ്ക്കുക, ജോലി വിടുന്നതിന് മുമ്പ് നിങ്ങളുടെ ആശയം പൂര്‍ണതയിലെത്തിക്കണം. നിങ്ങളില്‍ തന്നെ വിശ്വസിക്കുകയെന്നത് ഏറ്റവും പ്രധാനമാണെന്നും അവര്‍ പറഞ്ഞു.