കൊച്ചി: 'എന്തൊരു അനീതിയാണിത്? ഇതിന്റെ അര്‍ഥമെന്താണ്? അയാളുടെ പ്രായവും ജീവിതവും അമ്മയെക്കുറിച്ചുമൊക്കെ പരിഗണിക്കുന്നു. അതിജീവിതയ്ക്ക് അമ്മയുമില്ല, ജീവിതവുമില്ല, പ്രായവുമില്ല. അനീതിയാണിത്. സഹിക്കാനാവുന്നില്ല', ഭാഗ്യലക്ഷ്മി പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അതിജീവിതയ്ക്കാണ് യഥാര്‍ത്ഥത്തില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നതെന്നും വിധി അതിജീവിതയെ പരിഗണിക്കാതെയുള്ളതാണെന്നും അവര്‍ പറഞ്ഞു. കുറ്റവാളികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച കോടതി അതിജീവിതയുടെ ജീവിതമോ പ്രായമോ പരിഗണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികൾ ശിക്ഷ അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷം ജയിലിൽ കിടന്നാൽ മതി. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി പതിനഞ്ച് വർഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠൻ പതിനഞ്ചര വർഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വർഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വർഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വർഷം എന്നിങ്ങനെയാണ് മറ്റ് പ്രതികൾ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.