+

ബി​ഗ് ബോസ് കൊണ്ട് നേട്ടം , സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി വേണ്ടത് സ്വന്തമായി വീട്: രേണു സുധി

ബി​ഗ് ബോസ് കൊണ്ട് നേട്ടം , സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി വേണ്ടത് സ്വന്തമായി വീട്: രേണു സുധി

ബിഗ് ബോസ് ഷോ തനിക്ക് വലിയ നേട്ടങ്ങള്‍ നല്‍കിയെന്ന് രേണു സുധി.ഷോയിലൂടെ പലരും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ജീവിതം മാറി മറിഞ്ഞത് രേണു സുധിക്കാണ്. പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ രേണു ഷോയിൽ കാണുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഒടുവിൽ ഷോയിൽ എത്തിയ രേണുവിന് മികച്ച ജനപിന്തുണയും ലഭിച്ചു. എന്നാൽ അധികനാൾ നിൽക്കാനാകാതെ സ്വയം ഷോയിൽ നിന്നും രേണുവിന് പുറത്ത് പോകേണ്ടി വന്നിരുന്നു. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോയ രേണു ഇപ്പോൾ വിദേശ യാത്രകളിലാണ്. ഉദ്ഘാടനങ്ങൾക്കായാണ് പോകുന്നത്. ഒരുപക്ഷേ ഈ സീസണിൽ ഏറ്റവും കൂടുതൽ മെച്ചമുണ്ടായത് രേണു സുധിക്കാണെന്ന് പറയേണ്ടിയിരിക്കുന്നു.

ബി​ഗ് ബോസ് ഷോ കൊണ്ട് നല്ലത് മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് രേണു സുധി ഇപ്പോൾ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു അവരുടെ പ്രതികരണം. ബി​ഗ് ബോസ് വേദിയിൽ മോഹൻലാലിനൊപ്പം നിൽക്കാൻ കഴിഞ്ഞെന്നും തന്നെ ആ വീട്ടിൽ നിന്നും കൈപിടിച്ച് കൊണ്ടുപോയതും അദ്ദേഹമാണെന്നും രേണു ഓർത്തെടുത്തു. അതൊക്കെ ഒരിക്കലും മറക്കാനാകാത്ത കാര്യമാണെന്നും അവർ പറയുന്നു.

"35 ദിവസം വരെ ബിഗ് ബോസിൽ ഞാൻ നിൽക്കുമെന്ന് ഒരിക്കലും കരുതിയതല്ല. ഇറങ്ങി വന്നതില്‍ നിരാശയുമില്ല. കൃത്യ സമയത്താണ് ഞാന്‍ പുറത്തിറങ്ങിയത്. ഇനിയും നിന്നിരുന്നെങ്കില്‍ മാനസികമായി പ്രശ്നമായേനേ. എനിക്ക് മക്കളെ കാണാതിരിക്കാന്‍ കഴിയില്ല. ബിഗ് ബോസ് കൊണ്ട് നേട്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ദുബൈ കാണാന്‍ കഴിയുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ ദുബൈ, ബഹ്റിനിലൊക്കെ പ്രൊമോഷനുകൾക്കും ഉദ്ഘാടനങ്ങൾക്കും പോയിട്ടുണ്ട്. ഇതെല്ലാം ബി​ഗ് ബോസ് താരമെന്ന നിലയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുകാലത്ത് 500 രൂപയ്ക്ക് വരെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിയിരുന്നു ഞാൻ. ആ സാഹചര്യം നിലവിലില്ല. ഒരു വീട് വയ്ക്കണമെന്നതാണ് ലക്ഷ്യം. അതാണ് സ്വപ്നവും", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.
 

facebook twitter