+

ബിഹാര്‍ രാജ്യത്തെ ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനം, 850 കോടി രൂപയുടെ ക്ഷേത്രം പണിത് തരാമെന്ന് അമിത് ഷാ, പട്ടിണി എങ്ങനെ മാറുമെന്ന് ചോദ്യം, ലക്ഷ്യം വോട്ട് മാത്രം

ദാരിദ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ 850 കോടി രൂപയുടെ സീതാമാതാ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ 850 കോടി രൂപയുടെ സീതാമാതാ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന റാലികളില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പ്രധാന തന്ത്രമായി ഈ വാഗ്ദാനം. എന്നാല്‍, സംസ്ഥാനത്ത് 25 ശതമാനത്തിലധികം ജനസംഖ്യയും ബഹുമുഖ ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുമ്പോഴാണ് പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രം പണിത് തരാമെന്ന് വാഗ്ദാനം ചെയ്യുന്നത്. ക്ഷേത്രപ്രതിഷ്ഠയ്ക്ക് പകരം തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് ഊന്നല്‍ വേണമെന്ന് വിമര്‍ശകര്‍ പറയുന്നു.

നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 3.5 കോടി ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ദേശീയ ശരാശരി 14.96% ആണ്. ജനസംഖ്യാ അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉത്തര്‍പ്രദേശിലാണ് (5.94 കോടി). പക്ഷേ ശതമാനത്തില്‍ ബിഹാര്‍ ആണ് മുന്നില്‍.

ബിഹാറിലെ നലണ്ട, ദര്‍ഭങ്ഗ, മുസഫ്ഫര്‍പൂര്‍, ബെഗൂസറായ്, ലഖിസറായ്, പാലിഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിലെ റാലികളില്‍ അമിത് ഷാ സീതാമാതാ ക്ഷേത്രം വാഗ്ദാനം ചെയ്തു. സിതമര്‍ഹി ജില്ലയിലെ പുനൗറ ധാം ജങ്കി മഹല്ലില്‍ (സീതാദേവിയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സ്ഥലം) 850 കോടി രൂപ ചെലവില്‍ ക്ഷേത്രം പണിയുമെന്നാണ് വാഗ്ദാനം. അയോധ്യയിലെ രാമക്ഷേത്രം പോലെ, സീതാമാതാ ബിഹാറിന്റെ മകളാണ്. നിതീഷ് കുമാറിനൊപ്പം ഭൂമിപൂജ നടത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി പ്രതിഷ്ഠ നടത്തുമെന്ന് ഷാ പറഞ്ഞു.

എന്‍ഡിഎ മാനിഫെസ്റ്റോയില്‍ 'സ്പിരിച്വല്‍ സിറ്റി'യായി പരിവര്‍ത്തനം ചെയ്യുമെന്നാണ് വാഗ്ദാനം. അയോധ്യയുമായി വന്ദേ ഭാരത് ട്രെയിന്‍ ബന്ധിപ്പിക്കും, മഥുര-മിഥിലാ റെയില്‍വേ, സാംസ്‌കാരിക മ്യൂസിയം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തും.

വോട്ടു പിടിക്കാനുള്ള തന്ത്രമാണ് ക്ഷേത്രമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 850 കോടി രൂപ ക്ഷേത്രത്തിന് പകരം ഫാക്ടറികള്‍ പണിയൂ എന്ന പോസ്റ്റുകള്‍ വൈറലായി. ഗുജറാത്തില്‍ സ്റ്റേഡിയം, ബിഹാറില്‍ ക്ഷേത്രം. ബിഹാറിലെ യുവാക്കള്‍ക്ക് തൊഴില്‍ വേണം, പ്രാര്‍ത്ഥനയല്ല വേണ്ടതെന്ന് മറ്റൊരാള്‍ കുറിച്ചു. ദരിദ്രരുടെ പട്ടിണി നീക്കാന്‍ ക്ഷേത്രം മതിയോ എന്നാണ് വേറൊരാളുടെ ചോദ്യം.

ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ മത-സാംസ്‌കാരിക രംഗത്തെ വാഗ്ദാനങ്ങള്‍ വോട്ടു ബാങ്ക് കെട്ടിപ്പടുക്കാനുള്ള ശക്തമായ ഉപകരണമാണ്. 2019-ല്‍ അയോധ്യ രാമക്ഷേത്രം ബിജെപിക്ക് 303 സീറ്റുകള്‍ നല്‍കി. 2025-ല്‍ സീതാക്ഷേത്രം ഹിന്ദു വോട്ടര്‍മാരെ ലക്ഷ്യമിടുന്നു.

ബിഹാറില്‍ 70% ജനസംഖ്യ ഗ്രാമീണരാണ്. കൃഷി-ആശ്രിയിച്ച് കഴിയുന്നവര്‍. എന്നാല്‍, ദാരിദ്ര്യം ഇല്ലാതാക്കനുള്ള പദ്ധതികളോ വാഗ്ദാനങ്ങളോ ഇല്ല. ഇന്ത്യ സ്വതന്ത്രമായി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ പട്ടിണിയില്‍ കഴിയുന്ന ഒരു സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം വോട്ടു ബാങ്കുകള്‍ മാത്രമാണ്.

ബിഹാറിലെ ക്ഷേത്ര വാഗ്ദാനം സാംസ്‌കാരിക അഭിമാനം നല്‍കുമെങ്കിലും, ദാരിദ്ര്യനിര്‍മാര്‍ജനം ആവശ്യപ്പെടുന്നത് സമഗ്രമായ വികസനമാണ്. ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക്, പക്ഷേ പട്ടിണിത്തിന് ഭക്ഷണം വേണം, എന്ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് സൂചിപ്പിക്കുന്നത് പോലെ, ബിഹാറിന്റെ ഭാവി തൊഴിലും വിദ്യാഭ്യാസവുമാണ്.
 

Trending :
facebook twitter