കണ്ണൂരിൽ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയില്‍. മൂന്നുപേരെയാണ് കണ്ണപുരം പോലീസ് അറസ്റ്റുചെയ്തത്. അതിൽ ഒരാൾ പ്രായപൂര്‍ത്തിയായിട്ടില്ല. കണ്ണൂര്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് പാര്‍ക്കിങ് ഏരിയയില്‍ നിന്ന് മോഷ്ടിച്ച രണ്ടരലക്ഷം രൂപയുടെ ബൈക്കും പോലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. മുഹമ്മദ് മുസ്തഫ (18), മൊയ്തീന് ഫാസില്‍ (19) എന്നിവരും ഒരു 17-കാരനുമാണ് അറസ്റ്റിലായത്.
റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസിനെ മോഷ്ടാക്കളെ പിടികൂടാന്‍ സഹായകമായത്. ഈ മാസം 11, 12 തീയതികളില്‍ കണ്ണപുരം, പഴയങ്ങാടി എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ മൂന്നുപേരടങ്ങുന്ന ഈ സംഘം എത്തിയിരുന്നു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും രണ്ടരലക്ഷം രൂപയുടെ ബൈക്കാണ് മോഷ്ടിച്ചത്.
ലോക്ക് ചെയ്ത ബൈക്കിന്റെ ഹാന്‍ഡില്‍ ലോക്ക് അടക്കം പൊളിക്കാനുള്ള വൈദഗ്ധ്യം ഇവര്‍ നേടിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സി.സി.ടി.വി.യിലെ റെക്കോഡറില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശങ്ങളില് നിന്നാണ് പ്രതികള്‍ സംസാരിച്ചത് കാസര്‍കോട് ശൈലിയിലാണെന്ന് മനസിലായത്. അങ്ങനെയാണ്, മോഷ്ടിച്ച ബൈക്കുമായി ഇവര്‍ കാസര്‍കോട്ടേക്കാണ് പോയിട്ടുണ്ടാവുക എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. പിന്നാലെ കാസര്‍കോട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂന്നുപ്രതികളും പിടിയിലായത്.
ഇതില്‍ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ മോഷ്ടിച്ച ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കണ്ണപുരം എസ്.ഐ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയതും പ്രതികളെ കസ്റ്റഡിയില്‍ എടുത്തതും.