ന്യൂഡല്‍ഹി: വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും 2023-24ല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്ക് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. ഇത്തവണയും ബിജെപി സഹസ്രകോടി സംഭാവനയുമായി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമാണ്.
ബിജെപിക്ക് സംഭാവനയായി 2,244 കോടി രൂപ ബിജെപിക്ക് ലഭിച്ചു, ഇത് 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികം വരും. അതേസമയം, കോണ്‍ഗ്രസിന് 2023-24ല്‍ 288.9 കോടി രൂപയാണ് ലഭിച്ചത്, മുന്‍ വര്‍ഷം ഇത് 79.9 കോടി രൂപയായിരുന്നു.
2023-24 ലെ രണ്ട് പാര്‍ട്ടികളുടെയും സംഭാവന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ് കൂടുതല്‍ ലഭിച്ചതെന്നുകാണാം. 723.6 കോടി രൂപയുടെ സംഭാവന ഇതുവഴി ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് 156.4 കോടി രൂപയും ലഭിച്ചു. 2023-24ല്‍ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോണ്‍ഗ്രസിന്റെ പകുതിയിലധികവും പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്. 2022-23 ല്‍ പ്രൂഡന്റ് വഴി സംഭാവന നല്‍കിയവരില്‍ മേഘ എഞ്ചിന്‍ & ഇന്‍ഫ്രാ ലിമിറ്റഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍സെലര്‍ മിത്തല്‍ ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍ എന്നിവ ഉള്‍പ്പെടുന്നു.
ബി.ജെ.പിയും കോണ്‍ഗ്രസും പ്രഖ്യാപിച്ച മൊത്തം സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ളവ ഉള്‍പ്പെടുന്നില്ല, കാരണം ഇതിന്റെ വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ മാത്രമേ പ്രഖ്യാപിക്കാവൂ. 2024 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയിരുന്നു.
ചില പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ 2023-24 സംഭാവന റിപ്പോര്‍ട്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള രസീതുകള്‍ സ്വമേധയാ പ്രഖ്യാപിച്ചിട്ടുണ്ട്. 495.5 കോടി രൂപ ബോണ്ടുകളായി ലഭിച്ച ബിആര്‍എസും ഇതില്‍ ഉള്‍പ്പെടുന്നു. 60 കോടി നേടിയ ഡിഎംകെയും 121.5 കോടി നേടിയ വൈഎസ്ആര്‍ കോണ്‍ഗ്രസും പിറകിലുണ്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-24ല്‍ ബിജെപി സംഭാവനകളില്‍ 212% വര്‍ദ്ധനവ് രേഖപ്പെടുത്തി. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള വര്‍ഷമായതിനാല്‍ സംഭാവന കൂടി. 2018-19ല്‍, അതായത് 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള വര്‍ഷം, ബിജെപി 742 കോടി രൂപയും കോണ്‍ഗ്രസ് 146.8 കോടി രൂപയും സംഭാവന നേടിയിരുന്നു.
850 കോടി രൂപ ഇലക്ടറല്‍ ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ചു, അതില്‍ 723 കോടി രൂപ പ്രൂഡന്റില്‍ നിന്നും 127 കോടി രൂപ ട്രയംഫ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും 17.2 ലക്ഷം രൂപ Einzigartig ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും ലഭിച്ചു.
2023-24ല്‍ ബിആര്‍എസിനും വൈഎസ്ആര്‍ കോണ്‍ഗ്രസിനും യഥാക്രമം 85 കോടി രൂപയും 62.5 കോടി രൂപയും പ്രൂഡന്റ് സംഭാവന ലഭിച്ചു. ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ ഭരണകക്ഷിയായ ടിഡിപി 33 കോടി രൂപയാണ് പ്രൂഡന്റില്‍നിന്ന് സ്വീകരിച്ചത്. ട്രയംഫ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും ജയഭാരത് ട്രസ്റ്റില്‍ നിന്നും ഡിഎംകെയ്ക്ക് എട്ട് കോടി രൂപ ലഭിച്ചു.
ഇന്ത്യയുടെ ലോട്ടറി കിംഗ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസില്‍ നിന്ന് 2023-24ല്‍ ബിജെപി 3 കോടി രൂപയുടെ സംഭാവന നേടിയിട്ടുണ്ട്. ഫ്യൂച്ചര്‍ ഗെയിമിംഗ് ആണ് ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും വലിയ സംഭാവന നല്‍കിയത്, തൃണമൂല്‍ കോണ്‍ഗ്രസാണ് പ്രധാന ഗുണഭോക്താവ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ് മാര്‍ട്ടിന്‍.
മറ്റ് ദേശീയ പാര്‍ട്ടികളില്‍, എഎപി 2023-24ല്‍ 11.1 കോടിയുടെ സംഭാവന നേടി. മുന്‍ വര്‍ഷത്തെ 37.1 കോടിയില്‍ നിന്ന് കുറഞ്ഞു. 2022-23ല്‍ 6.1 കോടിയായിരുന്ന സിപിഎമ്മിന്റെ സംഭാവന 2023-24ല്‍ 7.6 കോടിയായി ഉയര്‍ന്നു. മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 14.8 ലക്ഷം രൂപ സംഭാവന കിട്ടിയതായി അറിയിച്ചു. 2023-24ല്‍ ടിഡിപി 100 കോടി രൂപയും ബിജെഡിയും സമാജ്വാദി പാര്‍ട്ടിയും 46.7 ലക്ഷം രൂപയും നേടി.
2023-24-ല്‍ ബിജെപിക്ക് സംഭാവന നല്‍കിയവരില്‍ ഡിഎല്‍ഫ് (100 കോടി), ആര്‍സെലര്‍ മിത്തല്‍ (75 കോടി), മാരുതി സുസുക്കി (60 കോടി), മേഘ എഞ്ചിനീയറിംഗ് (50 കോടി), ഹെറ്ററോ ലാബ്‌സ് (50 കോടി), അപ്പോളോ ടയേഴ്‌സ് (50 കോടി) എന്നിവര്‍ ഉള്‍പ്പെടുന്നു. കൂടാതെ ഭാരതി എയര്‍ടെല്‍ (6 കോടി), സഞ്ജീവ് ഗോയങ്കയുടെ നേതൃത്വത്തിലുള്ള ആര്‍പിഎസ്ജി ഗ്രൂപ്പ് (10 കോടി), ഹാല്‍ദിയ ഊര്‍ജം (10 കോടി രൂപ) സംഭാവന നല്‍കി.