തളിപ്പറമ്പ്: തളിപ്പറമ്പില്‍ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇടപാടുകാരുടെ പണം അവരറിയാതെ തട്ടിയെടുത്ത ജീവനക്കാരനെ സംരക്ഷിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ആരോപണം.
ഇടപാടുകാര്‍ ബാങ്കില്‍ നല്‍കുന്ന പണം അവരുടെ അക്കൗണ്ടില്‍ ചേര്‍ക്കാതെ ജീവനക്കാരന്‍ തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. ഈ രീതിയില്‍ 50 ലക്ഷത്തിനടുത്ത് രൂപ ഇയാള്‍ സ്വന്തമാക്കി. ഇക്കാര്യം പുറത്തറിഞ്ഞതോടെ 28 ലക്ഷം രൂപ തിരിച്ചടപ്പിച്ചു. എന്നാല്‍, ഓഡിറ്റിങ്ങില്‍ കൂടുതല്‍ പണം നഷ്ടമായതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കമ്പ്യൂട്ടറുകള്‍ തുറക്കാനുള്ള പാസ്‌വേർഡുകൾ ദുരുപയോഗപ്പെടുത്തിയാണ് ക്രമക്കേടുകല്‍ പലതും നടന്നിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നാല്‍ മുന്‍നിര നേതാക്കള്‍ അറസ്റ്റിലാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നതിനാല്‍ എത്രയും പെട്ടെന്ന് പണം തിരിച്ചടക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നേതാക്കളുടെ അറിവോടുകൂടിയാണ് തട്ടിപ്പ് നടന്നതെന്നും പിടിയിലാകുമെന്ന് ഉറപ്പായതോടെ തിരിച്ചടപ്പിക്കുകയുമായിരുന്നെന്നും ഒരുവിഭാഗം ആരോപിക്കുന്നു. ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായും സംശയമുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ ബാങ്ക് ഭരണസമിതി തയ്യാറല്ല. വമ്പന്‍ അഴിമതി നടന്നിട്ടും സിപിഎം വിഷയത്തില്‍ പ്രതിഷേധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കരുവന്നൂര്‍ പോലെ സിപിഎം ഭരണസമിതികളിലെ അഴിമതിയില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ നേട്ടമുണ്ടാക്കുമ്പോഴും തളിപ്പറമ്പില്‍ സിപിഎം മൗനത്തിലാകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ഇടപാടുകാരുടെ ആരോപണം.