മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ചരമവാര്‍ഷികത്തില്‍ ക്യാമ്പെയ്നുമായി ബിജെപി. അബ്ദുല്‍ കലാമിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'കലാം കോ സലാം' ക്യാമ്പെയ്നാണ് ബിജെപി തുടക്കമിടുന്നത്. ജൂലൈ 27നാണ് മുന്‍ രാഷ്ട്രപതിയുടെ ചരമവാര്‍ഷികം. ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായി ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖിയായിരിക്കും ക്യാമ്പെയ്ന് നേതൃത്വം നല്‍കുക.
ക്യാമ്പെയ്ന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള യുവാക്കളെ ആദരിക്കാനും ബിജെപി ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇവര്‍ക്കായി 'ഡോ. കലാം സ്റ്റാര്‍ട്ടപ്പ് യൂത്ത് അവാര്‍ഡ് 2.0' എന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുകയും അതില്‍ മികവ് തെളിയിക്കുകയും ചെയ്തവര്‍, പ്രത്യേകതരം കഴിവുള്ളവര്‍, സംരംഭകത്വ മനോഭാവമുള്ളവരെയടക്കമാണ് അവാര്‍ഡിനായി പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ പുരസ്‌കാരം നല്‍കി ആദരിക്കും. ക്യാമ്പെയ്ന്റെ ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.