+

പാതിവിലയില്‍ സ്‌കൂട്ടര്‍, സ്ത്രീകളേയും പാവപ്പെട്ടവരേയും പറ്റിച്ചത് 350 കോടിയോളം രൂപ, അനന്തു കൃഷ്ണന്റെ ഫ്‌ലാറ്റില്‍ ബിജെപി നേതാവ് രാധാകൃഷ്ണന്‍ നിത്യ സന്ദര്‍ശകന്‍, സംഘപരിവാറുമായി അടുത്ത ബന്ധം

പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം.

 

കൊച്ചി: പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. അനന്തുവിന്റെ കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക ഫ്ളാറ്റില്‍ ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു.

സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വിതരണം എന്ന പേരില്‍ നടത്തിയ പരിപാടിയിലും രാധാകൃഷ്ണന്റെ സാന്നിധ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ ഇയാള്‍ തന്റെ തട്ടിപ്പിന്റെ പരസ്യത്തിനായി ഉപയോഗിച്ചു.

അനന്തുകൃഷ്ണന്‍ കോ-ഓര്‍ഡിനേറ്ററായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷനും എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സംഘടനയും ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കരുമാല്ലൂരില്‍ അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകന്‍ ഹൈബി ഈഡന്‍ എംപിയായിരുന്നു. ഇരുവരുടെയും ചിത്രമുള്ള പോസ്റ്റുകളും പുറത്തിറക്കിയിരുന്നു.

അശോക ഫ്ളാറ്റ് സമുച്ചയത്തിലെ മൂന്ന് അപാര്‍ട്മെന്റുകളാണ് അനന്തുവും സംഘവും വാടകയ്ക്ക് എടുത്തിരുന്നത്. ഇവിടെ 10 പേരില്‍ കൂടുതല്‍ സ്റ്റാഫും രണ്ട് ഡ്രൈവര്‍മാരും അനന്തുവുമുണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു.

അനന്തു അറസ്റ്റിലായതിന് പിന്നാലെ ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്ന രേഖകളെല്ലാം കടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്ലോക്ക് അടിസ്ഥാനത്തില്‍ സൊസൈറ്റികള്‍ രൂപീകരിച്ച് സംസ്ഥാനമെങ്ങും അനന്തുവും സംഘവും തട്ടിപ്പ് നടത്തി. ഇയാളുടെ അറസ്റ്റിന് പിന്നാലെ നൂറുകണക്കിന് പരാതികളാണ് വിവിധ സ്റ്റേഷനുകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂട്ടറിന് പുറമെ സോളാര്‍ പാനലുകള്‍, ലാപ്ടോപ്പ്, രാസവളം, തയ്യല്‍ മെഷീന്‍ എന്നിവയും പകുതി വിലയ്ക്ക് നല്‍കിയിരുന്നു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളാണ് തട്ടിപ്പില്‍ കുടുങ്ങിയവരിലേറേയും.

1,20,000 രൂപ വിലയുള്ള സ്‌കൂട്ടര്‍ 60,000 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തില്‍ വാര്‍ഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇവര്‍ കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിലുള്ള ക്ഷേമനികേതനില്‍ തയ്യല്‍ ക്ലസ്റ്റര്‍ തുടങ്ങിയിരുന്നു. കണ്ണൂര്‍ പോലീസ് സഹകരണ സംഘവുമായി സഹകരിച്ച് സ്‌കൂള്‍ കിറ്റ് വിതരണവും നടത്തി.

പത്തിലേറെ സന്നദ്ധ സംഘടനകള്‍ തട്ടിപ്പിനിരയായി. ഇവരില്‍ രണ്ട് സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ ഇതുവരെ 392 പരാതിയാണ് ലഭിച്ചത്. ഇടുക്കിയില്‍ ലഭിച്ചത് 129 പരാതികളാണ്.

നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ പറവൂരിലെ ജനസേവ സമിതി ട്രസ്റ്റ് മുഖേന പണം നല്‍കിയ 2200 പേര്‍ക്ക് വാഹനം ലഭിച്ചില്ല. ഒരു വര്‍ഷത്തിനുമുമ്പ് പണമടച്ചവരും കൂട്ടത്തിലുണ്ട്. വാഹനങ്ങളും ഗൃഹോപകരണങ്ങളും ലഭിക്കാത്തവര്‍ തിങ്കളാഴ്ച പ്രതിഷേധവുമായി മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപത്തെ ട്രസ്റ്റ് ഓഫീസിലെത്തി.

 

facebook twitter