മംഗളൂരുവിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്

02:00 PM May 13, 2025 | Neha Nair

മംഗളൂരു: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ബി.ജെ.പി നേതാവ് പൊതുവഴിയിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതായി പരാതി. ദക്ഷിണ കന്നട ജില്ലയിൽ ഇഡ്കിടു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മനാഭ സാഫല്യക്കെതിരെയാണ് വിട്ല പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസെടുത്തതിനെ തുടർന്ന് പുറത്താക്കിയതായി പാർട്ടി വാർത്താകുറിപ്പിറക്കി.

ബണ്ട്വാൾ പട്ടണത്തിനടുത്തുള്ള ഇഡ്കിഡു ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പൊതുസ്ഥലത്ത് സാഫല്യ തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചതായാണ് യുവതി പൊലീസിൽ നൽകിയ പരാതി.

പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്ന അപമര്യാദയായ പെരുമാറ്റം കണക്കിലെടുത്ത് നടപടി സ്വീകരിച്ചതെന്ന് പാർട്ടി അറിയിച്ചു. പുറത്താക്കപ്പെട്ട നേതാവിനോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

വീട്ടിലേക്കുള്ള വഴിയിൽ ഗേറ്റ് സ്ഥാപിച്ചതിനെച്ചൊല്ലി പ്രതിയുമായി യുവതി നടത്തിയ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. റോഡിലൂടെ നടക്കുമ്പോൾ പ്രതി സ്വയം നഗ്നനായി പ്രത്യക്ഷപ്പെടുകയും ഈ പ്രവൃത്തി വീഡിയോയിൽ പകർത്തുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ ആരോപിച്ചു.