ഭരണകക്ഷിയായ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കൂടാതെ രാജ്യത്തെ എല്ലാവരെയും ഭയപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നും എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഖാർഗെ ആരോപിച്ചു. റായ്പൂരിലെ സയൻസ് കോളേജ് ഗ്രൗണ്ടിൽ ‘ജയ് ജവാൻ-ജയ് കിസാൻ-ജയ് സംവിധാൻ’ എന്ന പൊതു റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. മോദി സർക്കാരിന് കീഴിൽ ദരിദ്രർ കൊള്ളയടിക്കപ്പെടുകയാണെന്ന് അദ്ദേഹം വാദിച്ചു.
വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മോദിക്ക് സമയമുണ്ടെന്നും എന്നാൽ 2023 മെയ് മുതൽ വംശീയ സംഘർഷങ്ങൾ കണ്ട മണിപ്പൂരിൽ പര്യടനം നടത്താൻ മോദിക്ക് സമയമില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ജിയെയും ഉൾപ്പെടുത്താൻ ബിജെപി ശ്രമിച്ചു. കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ അവർ എപ്പോഴും ശ്രമിക്കുന്നു, ഖാർഗെ ആരോപിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നിരവധി വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും അധികാരത്തിലെത്തിയ ശേഷം അത് മറക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇന്ന്, അദാനി, അംബാനി എന്നിവരെപ്പോലുള്ളവർ ഇവിടെ വന്ന് ഭൂമി കൈവശപ്പെടുത്തുന്നു. ഖനികൾക്കായി അവർ ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റുന്നു. മോദി ജി നമ്മുടെ ആദിവാസി സഹോദരങ്ങളുടെയും ഛത്തീസ്ഗഢിലെ ജനങ്ങളുടെയും ജീവിതം നശിപ്പിക്കുകയാണ്, കോൺഗ്രസ് നേതാവ് ആരോപിച്ചു. നമ്മുടെ വെള്ളം, വനം, ഭൂമി എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഐക്യത്തോടെ തുടരണമെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.