ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കുടുംബത്തിന്റെ 500 കോടി രൂപയുടെ ഭൂമി തട്ടിപ്പ് പൂഴ്ത്തി മുഖ്യധാരാ മാധ്യമങ്ങള്‍, വ്യവസായത്തിനായി നല്‍കിയ ഭൂമി മറിച്ചുവിറ്റു

06:26 PM Oct 27, 2025 |


ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ യൂണിയന്‍ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഭൂമി തട്ടിപ്പിന് പരാതി. ബെംഗളൂരുവിലെ ദാബാസ്‌പെറ്റില്‍ 500 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി വിറ്റതായാണ് പരാതി നല്‍കിയത്. വ്യവസായ പദ്ധതിക്കായി അനുവദിച്ച പൊതു ഭൂമിയെ അനധികൃതമായി കൈവശപ്പെടുത്തി റിയല്‍ എസ്റ്റേറ്റ് ഇടപാടാക്കി മാറ്റിയെന്നാണ് ആരോപണം.

പരാതി നല്‍കിയിരിക്കുന്നത് അഡ്വക്കേറ്റ് കെ.എന്‍. ജഗദീഷാണ്. രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും ഭാര്യയുടെ പിതാവും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കെതിരെയാണ് പ്രധാന ആരോപണങ്ങള്‍. 1996-ല്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്‌മെന്റ് ബോര്‍ഡ് (കെഐഎഡിബി) ബിപിഎല്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്ക് 150 ഏക്കര്‍ ഭൂമി 6 കോടി രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ അനുവദിച്ചിരുന്നു. വ്യവസായ പദ്ധതികള്‍ സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ഈ ഭൂമി അനുവദിച്ചത്. എന്നാല്‍, കമ്പനി പദ്ധതികള്‍ നടപ്പിലാക്കാതെ 2009-ല്‍ ഭൂമി അനധികൃതമായി വില്‍ക്കുകയായിരുന്നു. ഏകദേശം 500 കോടി രൂപയ്ക്കാണ് ഭൂമി വിറ്റതെന്നും കെഐഎഡിബി നിയമങ്ങള്‍ ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.

വമ്പന്‍ ഭൂമി തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് അഡ്വക്കേറ്റ് ജഗദീഷ് പറയുന്നു. ഈ സമയത്ത് മന്ത്രിയായിരുന്ന സുബ്രഹ്‌മണ്യ നായിഡുവിന്റെ രാഷ്ട്രീയ-ഭരണപരമായ സഹായത്തോടെയാണ് ഭൂമി വില്‍പ്പന നടന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

കര്‍ണാടക അധികൃതര്‍ പരാതി പരിശോധിച്ച് അന്വേഷണം ആരംഭിക്കണമെന്ന് ജഗദീഷ് ആവശ്യപ്പെട്ടു. പൊതു ഭൂമിയുടെ ദുരുപയോഗവും കെഐഎഡിബി നിയമലംഘനവും അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു.

രാജീവിന്റെ ഭാര്യ അഞ്ജലി, സഹോദരന്‍ അജിത് നമ്പ്യാര്‍, ഭാര്യാപിതാവ് ഗോപാല്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് 1995ലാണ് ദോബ്ബാസ്‌പേട്ടിലെ നെലമംഗലയില്‍ ഭൂമി വാങ്ങിയത്. ഭൂമി പാട്ടത്തിനെടുത്ത് പണയപ്പെടുത്തി വായ്പയെടുക്കുകയും വില്‍ക്കുകയുമായിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യവസായം തുടങ്ങിയില്ലെങ്കില്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. വര്‍ഷങ്ങള്‍ തരിശിട്ടശേഷം ഭൂമി മുറിച്ചുവിറ്റു. 2011ല്‍ 87 ഏക്കര്‍ 275.45 കോടിരൂപയ്ക്കും 2009-10ല്‍ 33 ഏക്കര്‍ 31 കോടി രൂപയ്ക്കും മാരുതി സുസുക്കിക്ക് വിറ്റു. 2011ലാണ് നാലുകോടി രൂപയ്ക്ക് മൂന്നേക്കറിലേറെ ബിഒസി ഇന്ത്യ ലിമിറ്റഡും 33.5 കോടി രൂപയ്ക്ക് 25 ഏക്കര്‍ ജിന്‍ഡാല്‍ അലുമിനിയം ലിമിറ്റഡും വാങ്ങിയതെന്നും പരാതിയിലുണ്ട്.

കോടികളുടെ ഭൂമി കുംഭകോണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് മറുപടി പറഞ്ഞില്ല. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും, ചില ക്രിമിനലുകള്‍ മാധ്യമങ്ങളില്‍ കയറിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. മുഖ്യധാരാ മാധ്യമങ്ങള്‍ രാജീവ് ചന്ദ്രശേഖറിനെതിരായ വാര്‍ത്തകള്‍ മുക്കുകയും ചെയ്തു.