ദിലീപിനെ നോട്ടമിട്ട് ബിജെപി, വ്യാപകമായ പിന്തുണ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? സുരേഷ് ഗോപിക്കുശേഷം മറ്റൊരു വമ്പന്‍ താരം കൂടി രാഷ്ട്രീയത്തിലേക്കോ?

09:10 AM Dec 19, 2025 |


 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 8ന് കുറ്റവിമുക്തനാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെയും മറ്റ് മൂന്ന് പ്രതികളെയും വെറുതെവിട്ടത്. അതേസമയം, പ്രധാന പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരാണെന്ന് വിധിച്ചു.

വിധി പുറത്തുവന്ന ഉടനെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ദിലീപിന് പിന്തുണയുമായി എത്തിയിരുന്നു. പ്രത്യേകിച്ച് ബിജെപി അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ഐടി സെല്‍ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ പിന്തുണയുണ്ടായി. 'കോടതിയാണ് ശരിവയ്‌ക്കേണ്ടത്, സോഷ്യല്‍ മീഡിയയല്ല' എന്ന തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായി. മുന്‍ ഡിജിപിയും ഇപ്പോള്‍ ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍ 'ദിലീപിനെതിരെ തെളിവില്ലാതെ പ്രതിചേര്‍ത്തു' എന്ന് പ്രതികരിച്ചത് ശ്രദ്ധേയമായി. ബിജെപി സഹയാത്രികനായ ശ്രീജിത്ത് പണിക്കര്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളും ദിലീപിന് അനുകൂല പ്രതികരണവുമായെത്തി.

ബിജെപി നേതാക്കളില്‍ നിന്ന് ദിലീപിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നില്ല എന്നതും ചര്‍ച്ചയായി. ഇടതുപക്ഷവും യുഡിഎഫും അതിജീവിതയ്‌ക്കൊപ്പം നിലയുറപ്പിച്ചപ്പോഴാണ് വ്യത്യസ്ത നിലപാട് ബിജെപിയെ അനുകൂലിക്കുന്നവരില്‍നിന്നും ഉണ്ടായത്.

ദിലീപിന് ബിജെപിയുടെ ഭാഗത്തുനിന്നും ശക്തമായ പിന്തുണയുണ്ടായതോടെ നടന്റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയാവുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ബിജെപിയുടെ സുരേഷ് ഗോപി വിജയിച്ചത് മലയാള സിനിമാ താരങ്ങളുടെ രാഷ്ട്രീയ സാധ്യതകള്‍ തെളിയിച്ചിരുന്നു. സുരേഷ് ഗോപിക്ക് ശേഷം മറ്റൊരു മുന്‍നിര താരം കൂടി ബിജെപിയിലെത്തിയേക്കുമെന്ന തരത്തില്‍ അഭ്യൂഹം സജീവമാണ്.

ഇതുവരെ ബിജെപിയില്‍ നിന്നോ ദിലീപില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ദിലീപിന്റെ ആരാധകര്‍ ഇത്തരം ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, കേസിന്റെ വിധി ഇപ്പോഴും വിവാദമായി നില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവേശനം അത്ര എളുപ്പമാകില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതിജീവിതയും സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ്.

വിധിക്ക് പിന്നാലെ സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. കേസിനുശേഷമുണ്ടായ തുടര്‍ പരാജയങ്ങള്‍ നടന്റെ കരിയറിനെ ബാധിച്ചിരുന്നു. റിലീസായ പുതിയ സിനിമയെ പ്രതീക്ഷയോടെ കാണുന്ന ദിലീപ് സിനിമയില്‍ തുടരുമോ അതോ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമോ എന്നത് കാത്തിരുന്ന് കാണാം.