വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ നേതാക്കള്‍ക്ക് 'കമ്മ്യൂണിക്കേഷന്‍ ക്ലാസുകള്‍' നല്‍കാന്‍ ബിജെപി

09:05 AM May 18, 2025 | Suchithra Sivadas

കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബിജെപി മന്ത്രി നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെ നേതാക്കള്‍ക്ക് 'കമ്മ്യൂണിക്കേഷന്‍ ക്ലാസുകള്‍' നല്‍കാന്‍ പാര്‍ട്ടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ എല്ലാ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കുമായാണ് ക്ളാസുകള്‍ സംഘടിപ്പിക്കുക. വിജയ് ഷായുടെ പരാമര്‍ശം ദേശീയ തലത്തില്‍ത്തന്നെ വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം.

എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടി നയം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും. എങ്ങനെയാണ് പൊതുമധ്യത്തില്‍ സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി ക്ലാസുകള്‍ ഉണ്ടാകും. എവിടെ, എപ്പോള്‍, എങ്ങനെ സംസാരിക്കണമെന്നും വിവാദങ്ങള്‍ ഒഴിവാക്കാനും കൃത്യമായ നിര്‍ദേശം നല്‍കും. ഏതെല്ലാം കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ട് സംസാരിക്കണം എന്നതിലും കൃത്യമായ മാനദണ്ഡം ഏര്‍പ്പെടുത്തും. ജൂണില്‍ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിന് പുറത്തുള്ള ഏതെങ്കിലും നഗരത്തില്‍ ക്ളാസുകള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, ദേശീയ വക്താക്കള്‍, മാധ്യമ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവരാകും ക്ലാസുകള്‍ നയിക്കുക. എങ്ങനെ പക്വതയോടെ സംസാരിക്കണമെന്നും ഇടപെടണമെന്നും ക്ലാസുകളില്‍ പറഞ്ഞുകൊടുക്കും. ഇതുവഴി പാര്‍ട്ടിയുടെ പ്രതിച്ഛായ തകരാതെ ഇടപെടാന്‍ നേതാക്കളെ പ്രാപ്തരാകുകയാണ് ലക്ഷ്യം. ബിജെപി എല്ലാ കൊല്ലവും ഇത്തരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഇതാദ്യമായല്ല ഇത്തരത്തില്‍ ട്രെയിനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് എന്നുമാണ് ബിജെപി മാധ്യമ വിഭാഗം തലവന്‍ ആശിഷ് അഗര്‍വാള്‍ പറയുന്നത്.