+

കെനിയ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി രാജീവ് നെടുമ്പാശ്ശേരിയില്‍ ആദരാഞ്ജലി അര്‍പ്പിക്കും.

കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുക. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഏറ്റുവാങ്ങും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി രാജീവ് നെടുമ്പാശ്ശേരിയില്‍ ആദരാഞ്ജലി അര്‍പ്പിക്കും.

മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹമാണ് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുക. പാലക്കാട് സ്വദേശികളായ റിയയുടെയും മകളുടെയും മൃതദേഹം മണ്ണൂര്‍ കാഞ്ഞിരംപാറയിലെ റിയയുടെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഭര്‍ത്താവ് ജോയലിന്റെ നാടായ കോയമ്പത്തൂരിലെ പോത്തന്നൂരില്‍ സംസ്‌കരിക്കും.

ജൂണ്‍ ഒന്‍പതിനാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ അഞ്ച് മലയാളികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.

facebook twitter