‘ബോഡി ഷെയ്മിങ് തമാശയല്ല, ഒരു നടനോട് നിങ്ങളിങ്ങനെ ചോദിക്കുമോ?’; വണ്ണത്തേക്കുറിച്ച് ചോദ്യമുയർത്തിയ മാധ്യമ പ്രവർത്തകനോട് നടി ഗൗരി കിഷൻ

11:30 AM Nov 07, 2025 | Kavya Ramachandran


തന്റെ വണ്ണത്തേക്കുറിച്ച് ചോദ്യമുയർത്തിയ മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നടി ഗൗരി കിഷൻ. ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന പരിപാടിയിലാണ് താരം പ്രതികരിച്ചത്. 


സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ഉന്നയിച്ചതെന്ന മാധ്യമ പ്രവർത്തകൻ്റെ വാദത്തിനോടാണ് ഗൗരി പ്രതികരിച്ചത്. ‘എന്റെ ഭാരം നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്? ഈ സിനിമയുമായി അതിന് എന്ത് ബന്ധമാണുള്ളത്?’- എന്ന് ഗൗരി ചോദിച്ചു. ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീര പ്രകൃതമാണുള്ളതെന്നും തന്റെ കഴിവുകളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും ഇത്തരം അംഗീകാരങ്ങൾ ആവശ്യമില്ലെന്നും ഗൗരി തുറന്നടിച്ചു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’- ഗൗരി വ്യക്തമാക്കി.

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ച് ചോദിച്ചു.

സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ  നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു. സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.