പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഏത് കഴിക്കുന്നതാണ് നല്ലത്?

09:30 AM Dec 19, 2025 | Kavya Ramachandran

പോഷകങ്ങളുടെ കലവറയാണ് മുട്ട എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. മുട്ട കഴിക്കാത്ത ദിവസങ്ങൾ പലരുടേയും ജീവിതത്തിൽ കുറവായിരിക്കും എന്നുതന്നെ പറയാം. പുഴുങ്ങിയും ഓംലെറ്റാക്കിയും ബുള്‍സ് ഐ ആക്കിയുമെല്ലാം നമ്മള്‍ മുട്ട കഴിക്കാറുണ്ട്. കൂടാത ഫ്രൈഡ് എഗ്ഗ്, ഫ്രെഞ്ച് ഓംലെറ്റ്, സോഫ്റ്റ് ബോയില്‍, മീഡിയം ബോയിൽ, ഹാർഡ് ബോയിൽ, സ്‌ക്രാമ്പിള്‍ഡ് എഗ്ഗ് ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വെറൈറ്റികൾ വേറെ.

ഓംലെറ്റ് ആക്കികഴിക്കുന്നതാണോ മുട്ട പുഴുങ്ങി കഴിക്കുന്നതാണോ കൂടുതല്‍ ആരോഗ്യകരം എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. ഒറ്റ നോട്ടത്തില്‍ പുഴുങ്ങിയ മുട്ടയായാലും ഓംലെറ്റായാലും ​ഗുണം ഒന്നുതന്നേയല്ലേ എന്ന് തോന്നിയേക്കാം. പക്ഷേ പാചകരീതികള്‍ മാറുന്നതനുസരിച്ച് കൊഴുപ്പ്, കലോറി, മറ്റ് പോഷകങ്ങൾ എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

പുഴുങ്ങിയ മുട്ടയും ഓംലെറ്റും പ്രോട്ടീനുകളാലും പോഷകങ്ങളാലും സമ്പന്നമാണ്. എങ്കിലും എത്രത്തോളം ആരോഗ്യകരമാണെന്നുള്ളത് മുട്ട പാചകം ചെയ്യുന്ന രീതി, ചേർക്കുന്ന ചേരുവകൾ, കഴിക്കുന്ന അളവ് എന്നിവയെ ആശ്രയിച്ചിരിക്കും.

പുഴുങ്ങിയ മുട്ട

ഇവ മുട്ടയുടെ ഏറ്റവും ആരോഗ്യകരമായ രൂപങ്ങളിൽ ഒന്നാണ്. എണ്ണയോ വെണ്ണയോ ചേർക്കാതെയാണല്ലോ ഇത് പാചകം ചെയ്യുന്നത്. പുഴുങ്ങിയ മുട്ടയിൽ കലോറിയുടെ അളവ് കുറവായിരിക്കും. ഒരു പുഴുങ്ങിയ മുട്ടയിൽ ഏതാണ്ട് 77 കലോറി മാത്രമാണുള്ളത്.

അതേസമയം പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നവുമാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഭക്ഷണം ലഘുവായി കഴിക്കുന്നവരും പലപ്പോഴും പുഴുങ്ങിയ മുട്ടകളാണ് തെരഞ്ഞെടുക്കുന്നത്. ഇവ കൊണ്ടുപോകാനും യാത്രയ്ക്കിടയിൽ കഴിക്കാനും സൗകര്യപ്രദമാണ്. എണ്ണ ഉപയോഗിക്കാത്തതിനാൽ പുഴുങ്ങിയ മുട്ടകളിൽ കൊഴുപ്പിന്റെ അളവ് കുറവാണ്.

ഓംലെറ്റ്

ഓംലെറ്റ് വളരെ രുചികരമാണ്. എന്നാൽ, ഓംലെറ്റ് തയ്യാറാക്കാൻ പലപ്പോഴും എണ്ണ, വെണ്ണ, അല്ലെങ്കിൽ നെയ്യ് എന്നിവ ഉപയോ​ഗിക്കാറുണ്ട്. ഇത് കലോറി വർദ്ധിപ്പിച്ചേക്കാം. മുട്ട മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധാരണ ഓംലെറ്റാണ് കൂടുതൽ ആരോഗ്യകരം.

എന്നാൽ ചീസ്, ഉരുളക്കിഴങ്ങ്, അല്ലെങ്കിൽ കൂടുതൽ എണ്ണ എന്നിവ ചേർക്കുമ്പോൾ കലോറി കൂടുന്നു. അതേസമയം ചീര, തക്കാളി, ഉള്ളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ കൂടി ചേർത്താൽ ഓംലറ്റ് കൂടുതൽ ആരോഗ്യകരമാകും.