ഗൂഗിള്‍ പേ വഴി കൈക്കൂലി;വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയത് 2,66,300 രൂപ

05:05 PM Jul 22, 2025 |


കാഞ്ഞങ്ങാട്:  കൈക്കൂലി ഇടപാട് ഗൂഗിള്‍ പേ വഴി നടത്തിയിട്ടും രക്ഷയായില്ല. വെള്ളരിക്കുണ്ട് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഗൂഗിള്‍ പേ വഴി 2,55,200 രൂപ‍യുടെ ഇടപാട് നടത്തിയതായി കണ്ടെത്തി.മറ്റൊരു ഗൂഗിള്‍ പേ അക്കൗണ്ട് വഴി 11,100 രൂപയുടെ ഇടപാടും കണ്ടെത്തി. വെള്ളരിക്കുണ്ട് ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് വന്‍ തുകകള്‍ അയച്ചുകൊടുത്തതായാണു കണ്ടെത്തല്‍. സീനിയര്‍ ക്ലാര്‍ക്കിന്‍റെയും അക്കൗണ്ടന്‍റിന്‍റെയും ഗൂഗിള്‍ പേ വഴി നടന്ന ഇടപാടുകളാണു കണ്ടെത്തിയത്.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോർട്ട് നല്‍കിയതായി കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 21,020 രൂപയും രേഖകളും ഏജന്‍റുമാരില്‍നിന്ന് കണ്ടെത്തി. 

കാഞ്ഞങ്ങാട് ആര്‍ടി ഓഫീസില്‍നിന്നു ഹിയറിംഗ് കഴിഞ്ഞ അപേക്ഷകള്‍ ഓഫീസില്‍ സൂക്ഷിച്ചതായും കണ്ടെത്തി. സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ വീല്‍സ് പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.