അഞ്ച് ദിവസം പിന്നിട്ടിട്ടും പാകിസ്ഥാൻ പിടിച്ചുകൊണ്ടുപോയ ബി.എസ്.എഫ് ജവാനെ കുറിച്ച് വിവരമില്ല ; ഭാര്യയും മകനും അതിർത്തിയിലേക്ക്

07:13 PM Apr 28, 2025 | Neha Nair

ന്യൂഡൽഹി: അതിർത്തിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. നാല് തവണ ഫ്ളാഗ് മീറ്റിങ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശി പൂർണ്ണം കുമാർ ഷായെ വിട്ടയക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല. കസ്റ്റഡിയിലായിട്ട് ഇന്നേക്ക് ആറ് ദിവസം തികയും.

അബദ്ധത്തിൽ അതിർത്തി കടന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാൻ ഉപയോഗിക്കുന്നു എന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. ജവാനെ മോചിപ്പിക്കാൻ നടപടികൾ എടുക്കണമെന്ന് സാഹുവിൻ്റെ മാതാപിതാക്കളും ഗർഭിണിയായ ഭാര്യ രജനി ഷായും സർക്കാരിനോട് ആവശ്യപ്പെട്ടു. ഏഴ് വയസുള്ള മകൻ ഉൾപ്പടെയുള്ള കുടുംബം പഞ്ചാബ് അതിർത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അതിർത്തിയിലെത്തിയിട്ടും ഫലമില്ലെങ്കിൽ ഡൽഹിക്ക് പോകാനാണ് രജനിയുടെ തീരുമാനം.