+

ബിഎസ്എന്‍ എല്‍ കോള്‍ ഡ്രോപ്പ് : പരാതികൾ പരിഹരിക്കാൻ അടിയന്തര സംവിധാനം വേണമെന്ന് കെ.സി.വേണുഗോപാല്‍

ജില്ലയില്‍  ബിഎസ്എന്‍എല്‍ സര്‍വീസിന്റെ ഫോണ്‍കോള്‍ പാതിവഴിയില്‍ മുറിഞ്ഞ് പോകുന്നത്(കോള്‍ ഡ്രോപ്പ്)  പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി.

ആലപ്പുഴ: ജില്ലയില്‍  ബിഎസ്എന്‍എല്‍ സര്‍വീസിന്റെ ഫോണ്‍കോള്‍ പാതിവഴിയില്‍ മുറിഞ്ഞ് പോകുന്നത്(കോള്‍ ഡ്രോപ്പ്) 
പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി. കോള്‍ ഡ്രോപ്പ് സംബന്ധിച്ച് പരാതികൾ വിശദമായി പരിശോധിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധന ഊർജിതമാക്കണമെന്ന് ആലപ്പുഴ ടെലികോം ഉപദേശക സമിതിയുടെ ചെയര്‍മാന്‍ കൂടിയായ എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു.

 4G വിക്ഷേപണത്തിന്റെ പ്രാരംഭഘട്ടത്തിൽ കോള്‍ ഡ്രോപ്പ് സംബന്ധിച്ച്  ജില്ലയില്‍ വ്യാപകപരാതി ഉയര്‍ന്നപ്പോൾ തന്നെ   വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പരിശോധനയും ഫൈൻ ട്യൂണിംഗും നടത്തി വരികയാണെന്ന് ബി എസ് എൻ എൽ ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. .ഗുരുതരമായ വോൾട്ട് പ്രശ്നങ്ങൾ  സംബന്ധിച്ച് ചില പ്രാദേശിക പരിശോധനകൾ നടത്തിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ശബ്ദ, ഡാറ്റ സേവനം നൽകുന്നതിനായി കൂടുതൽ ഉയർന്ന നിലവാരമുള്ള പരിശോധന തുടരാനും ഒരു ടീമിനെ അവിടെ നിയോഗിച്ചിട്ടുണ്ട്.പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും ആലപ്പുഴ ജില്ലയിലുടനീളം പൂർണ്ണ 4G കവറേജ് ഉറപ്പാക്കുന്നതിനും കൂടുതൽ ടീമിനെ വിന്യസിക്കാൻ  എംപി നിർദ്ദേശിച്ചു.

ബിഎസ്എന്‍എല്ലിന്റെ 312 2ജി, 3ജി മൊബൈല്‍ ടവറുകള്‍ തദ്ദേശീയമായി വികസിപ്പിച്ച 4ജി സേവനത്തിലേക്കു അപ്‌ഗ്രേഡ് ചെയ്തു. ഇടതടവില്ലാതെ ഈ സേവനം ലഭ്യമാക്കാന്‍ അഡീഷണല്‍ ടവറുകളും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.നാല് 4ജി സാച്ചുറേഷന്‍ മൊബൈല്‍ ടവറുകളില്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലുള്ള ഉളവയ്പ്പ് ,  കൈനകരി പഞ്ചായത്തിലുള്ള ആറ്റുമുഖം-കുപ്പപ്പുറം എന്നീ 2 മൊബൈല്‍ ടവറുകളില്‍ നിന്നുള്ള സേവനം തുടങ്ങിയെന്നും ചിത്തിരക്കായല്‍ വലിയഴീക്കല്‍ എന്നീ സൈറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

പഠന മികവ് പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പിലൂടെ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന വിദ്യാ മിത്രം പദ്ധതി വഴി 79 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി.ഫൈബറൈസു ചെയ്ത 53 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പുറമെ മണ്ഡല പരിധിയിലെ ശേഷിക്കുന്ന 29 എക്‌സ്‌ചേഞ്ച്കള്‍ ഉടന്‍ തന്നെ ഫൈബറൈസു ചെയ്യും.ടെലിവിഷന്‍ ചാനലുകള്‍ ഫൈബറിലൂടെ ലഭ്യമാക്കുന്ന ഐഎഫ്ടിവി സാങ്കേതികവിദ്യ ആലപ്പുഴയില്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.എല്ലാ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും കോപ്പര്‍ കേബിളുകള്‍ മാറ്റി ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനത്തിലേക്ക് സെപ്റ്റംബര്‍ 30ന് അകം അപ്‌ഗ്രേഡ് ചെയ്യും.

ഭാരത് നെറ്റ്  ഉദ്യമി പദ്ധതിയിലൂടെ 72 ഗ്രാമപഞ്ചായത്തിലും 12 ബ്ലോക്ക് പഞ്ചായത്തിലും 19362 കണക്ഷനുകളാണ് നല്‍കി.50 പുതിയ 4 ജി സൈറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ സംസ്ഥാനപാത, ദേശീയപാത, റെയില്‍വേ റൂട്ടുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവ അടക്കം കാര്‍പെറ്റ് കവറേജ് ലഭ്യമാകും.കായംകുളം സാകേത് സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്മാര്‍ട്ട് ടിവിയും വൈഫൈ കണക്ടിവിറ്റിയും സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ബിഎസ്എന്‍എല്‍ നല്‍കിയതായും എംപി അറിയിച്ചു. 

കെ സി വേണുഗോപാല്‍ എംപിയുടെ അധ്യക്ഷതയില്‍ നടന്ന ബിഎസ്എന്‍എല്‍ ആലപ്പുഴ ടെലികോം ഉപദേശക സമിതിയുടെ 2024-26 കാലയളവിലെ ആദ്യയോഗത്തില്‍ ജനറല്‍ മാനേജര്‍ എസ്. വേണുഗോപാലന്‍ പ്രവര്‍ത്തനങ്ങളും പദ്ധതികളും വിശദീകരിച്ചു.ഉപദേശക സമിതി അംഗങ്ങളായ ജോസ് കെ ജോര്‍ജ്, അനി വര്‍ഗീസ്,  ജോണ്‍സണ്‍ എബ്രഹാം, എം കെ വിജയന്‍, കെ ആര്‍ രാജേന്ദ്രപ്രസാദ്, എ ഐ മുഹമ്മദ് അസ്ലം, നിരന്‍ജന്‍ ബി പൂജാരി ഡി ജി എം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

facebook twitter