30 ദിവസവും 2.5 ജിബി വീതം ഡാറ്റ ഉപയോഗിക്കാം, പരിധിയില്ലാത്ത കോളും വിളിക്കാം. 30 ദിവസത്തെ വാലിഡിറ്റിയില്‍ വെറും 225 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍.
ദില്ലി: ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഗംഭീര പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ പരിചയപ്പെടുത്തി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്). 30 ദിവസത്തെ വാലിഡിറ്റിയില്‍ പരിധിയില്ലാത്ത കോള്‍, ദിനംപ്രതി 2.5 ജിബി ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവ സഹിതം വരുന്ന റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
225 രൂപ വിലയുള്ള പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കളെ പരിചയപ്പെടുത്തിയിരിക്കുന്നത്. 225 രൂപ വരുന്ന ഈ റീചാര്‍ജിന്‍റെ വാലിഡിറ്റി 30 ദിവസം. പരിധിയില്ലാതെ കോളുകള്‍ വിളിക്കാമെന്നതും മുപ്പത് ദിവസവും 2.5 ജിബി വീതം ഡാറ്റ ഉപയോഗിക്കാം എന്നതുമാണ് ഈ റീചാര്‍ജ് പ്ലാനിന്‍റെ ഏറ്റവും വലിയ സവിശേഷത. ഇതിനെല്ലാം പുറമെ ദിവസവും 100 വീതം എസ്എംഎസുകളും 225 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു. ഒരു മാസം വാലിഡിറ്റിയോടെ ദിനംപ്രതി 2.5 ജിബി ഡാറ്റ ഇത്രയും കുറഞ്ഞ നിരക്കില്‍ മറ്റൊരു ടെലികോം ഓപ്പറേറ്റര്‍മാരും നല്‍കാത്ത സ്ഥാനത്താണ് ബിഎസ്എന്‍എല്ലിന്‍റെ ഈ വമ്പിച്ച വാഗ്‌ദാനം. 4ജി വ്യാപനത്തോടെ തിരിച്ചുവരവിന്‍റെ പാതയിലുള്ള ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കുകളിലുള്ള റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചും കളംപിടിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്.
അടുത്തിടെ മറ്റൊരു റീചാര്‍ജ് ഓഫര്‍ ബിഎസ്എന്‍എല്‍ കേരളത്തില്‍ പ്രഖ്യാപിച്ചിരുന്നു. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ആര്‍ക്കെങ്കിലും ബിഎസ്എന്‍എല്ലിന്‍റെ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി 199 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്‌ത് നല്‍കിയാല്‍ 2.5 ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ പ്രഖ്യാപനം. ഇങ്ങനെ എത്രവട്ടം റീചാര്‍ജ് ചെയ്‌താലും ഈ ആനുകൂല്യം ലഭിക്കും. നവംബര്‍ 18 വരെ ഈ റീചാര്‍ജ് ഓഫര്‍ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ അറിയിച്ചു. പുതിയ ഉപഭോക്താക്കൾക്ക് ഒരു രൂപയുടെ ദീപാവലി റീചാര്‍ജ് ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പുത്തന്‍ പാക്കും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചത്.