മതിയാവോളം കോള്‍ വിളിക്കാന്‍ ഒരു ബിഎസ്എന്‍എല്‍ പ്ലാന്‍

12:14 PM Mar 01, 2025 | Kavya Ramachandran

ദില്ലി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ ഒരു ബജറ്റ്-ഫ്രണ്ട്‌ലി റീച്ചാര്‍ജ് കൂപ്പണ്‍ പരിചയപ്പെടാം. സൗജന്യ കോളും എസ്എംഎസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള റീച്ചാര്‍ജ് പ്ലാനാണിത്. മികച്ച വാലിഡിറ്റിയും ഈ പ്ലാനിനെ ആകര്‍ഷകമാകുന്നു. 

439 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 90 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇക്കാലയളവില്‍ സൗജന്യ കോളുകള്‍ ലഭിക്കും. രാജ്യവ്യാപകമായി ഈ കോളിംഗ് സൗകര്യം ഉപയോഗിക്കാം. ഇതിന് പുറമെ 90 ദിവസത്തേക്ക് 300 എസ്എംഎസുകളും ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് 4.90 രൂപയാണ് ചിലവാകുക. ചെറിയ അളവിലുള്ള ഡാറ്റാ സൗകര്യം പോലും ബിഎസ്എന്‍എല്‍ നല്‍കുന്നില്ല എന്നത് മാത്രമാണ് ഈ പാക്കേജിന്‍റെ ഏക ന്യൂനത. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്‍ വിലക്കുറവുള്ള റീച്ചാര്‍ജ് പാക്കുകളുമായി കളംനിറയുകയാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ കമ്പനികള്‍ക്ക് റീച്ചാര്‍ജ് ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ബിഎസ്എന്‍എല്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. അതേസമയം കോള്‍-ഡ്രോപ് അടക്കമുള്ള പ്രശ്നങ്ങളെ കുറിച്ച് ഇപ്പോഴും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്. 4ജി വിന്യാസം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.