മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. അടുത്തിടെയാണ് ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ പുറത്തിറങ്ങിയത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന അഭിപ്രായമാണ് സ്വന്തമാക്കിയത്.
തിയേറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടിയില്‍ റിലീസ് ആയപ്പോഴും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞും ചിത്രം നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായും ലക്കി ഭാസ്‌കർ മാറിയിരിക്കുകയാണ്.
ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്‌ടിച്ച മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും സ്വന്തമാക്കാനാവാത്ത റെക്കോർഡ് ആണ് ഈ ദുൽഖർ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്‌സ് സ്ട്രീമിംഗിൽ ഒന്നാമതായിരുന്നു. സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ചിത്രം ട്രെൻഡിംഗിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്‌സിൽ സ്ട്രീമിംഗ് ചെയ്യുന്നത്.
ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് ലക്കി ഭാസ്കർ നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. ആദ്യ ദിനം 2.05 കോടി കേരളത്തിൽ നിന്ന് നേടിയ ചിത്രത്തിന് തുടർന്നുള്ള ദിവസങ്ങളിൽ കളക്ഷനിൽ കുതിപ്പുണ്ടാക്കാനും സാധിച്ചു. 21.55 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഫൈനൽ കളക്ഷൻ. മൂന്ന് കോടി രൂപക്ക് ആണ് വേഫറർ ഫിലിംസ് സിനിമയുടെ കേരള വിതരണാവകാശം നേടിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ സിനിമയുടെ ലാഭം കോടികളാണ്.