ദില്ലി: നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വലിയ ചുവടുവെപ്പുകള്‍ നടത്തി പൊതുമേഖല ടെലിക്കോ കമ്പനിയായ ബിഎസ്എൻഎൽ. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്ത്യയിലുടനീളം 84,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ബിഎസ്എന്‍എല്‍.
ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും 9 കോടിയിൽ അധികം ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റി നൽകുക എന്നതാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ ലക്ഷ്യം. ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഈ 4ജി ടവറുകൾ ഉടൻ തന്നെ 5ജി സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യും.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അടുത്തിടെ അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴി ഇതുസംബന്ധിച്ച ഒരു അപ്‌ഡേറ്റ് പങ്കിട്ടു. ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ 83.99% ഇതിനകം പൂർത്തിയായെന്നും ഏകദേശം 84,000 ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സ്ഥിരീകരിച്ചു. നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനം പ്രദർശിപ്പിക്കുന്ന എട്ട് സെക്കൻഡുകളോളം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിനൊപ്പം ആയിരുന്നു ഈ അപ്‌ഡേറ്റ് ടെലികോം മന്ത്രാലയം പങ്കുവെച്ചത്.
കഴിഞ്ഞ വർഷം മുതൽ ബിഎസ്‌എൻഎൽ തങ്ങളുടെ നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പ്രക്രിയ വേഗത്തിലാക്കാൻ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, 4ജി ടവറുകളുടെ പൂർണ്ണമായ ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, 2025 ജൂണോടെ 5ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. ഇതിനകം തന്നെ നിരവധി നഗരങ്ങളിൽ 5ജി വാഗ്ദാനം ചെയ്യുന്ന ജിയോ, എയർടെൽ പോലുള്ള സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കുന്നതിൽ ബിഎസ്എൻഎല്ലിന് ഇതൊരു പ്രധാന ചുവടുവയ്പ്പായിരിക്കും.
ബിഎസ്‌എൻഎല്ലിന്‍റെ ഈ പുതിയ നീക്കങ്ങൾ രാജ്യവ്യാപകമായി ഉപയോക്താക്കൾക്ക് വലിയ ഉത്തേജനമാണ് നൽകുന്നത്. മൊബൈൽ ടവറുകളുടെ പെട്ടെന്നുള്ള ഇൻസ്റ്റാളേഷനും ആകർഷകമായ ഓഫറുകളും വഴി തങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങളും മികച്ച മൂല്യവും നൽകിക്കൊണ്ട് ടെലികോം വിപണിയിൽ സ്ഥാനം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് ബിഎസ്‌എൻഎൽ എന്നാണ് റിപ്പോർട്ടുകൾ.