ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ കേസടുത്തു. മധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷായ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം 152, 196(1)(ബി), 197(1)(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്. കോടതിയുടെ ഉത്തരവ് പ്രകാരം മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ ഓഫീസ് എക്‌സിലൂടെ അറിയിച്ചിരുന്നു. തുടർന്ന് മാൻപൂർ പൊലീസാണ് കേസെടുത്തത്.
അതേസമയം കേസെടുക്കാൻ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമർശം കുറ്റകരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മന്ത്രിയുടെ പരാമർശം അപകടകരമെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.
കേസെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് വരെ ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ അതുൽ ശ്രീധർ, അനുരാധ ശുക്ല എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിർദേശം. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.