
ഇരിട്ടി: കണ്ണൂർ ജില്ലയിൽ സ്വന്തമായി വീടും ഒരു സെന്റ് ഭൂമി പോലുമില്ലാത്തവരുമായി 2541 പട്ടികജാതി ആദിവാസി കുടുംബങ്ങളെന്ന് റിപ്പോർട്ട്. പട്ടികജാതി വർഗത്തിൽപ്പെട്ട 2039 പേർക്കും ആദിവാസി വിഭാഗത്തിൽപ്പെട്ട 502 പേർക്കുമാണ് ഇപ്പോഴും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തത്. 1844 പട്ടിജജാതി ഭവന രഹിതരാണ് ജില്ലയിലുള്ളത്. 575 ആദിവാസി കുടുംബങ്ങളും ഭവനഹരിതരാണ്. കാസർകോട് ജില്ലയിൽ പട്ടികജാതി കുടുംബത്തിലെ 1085 പേരും ആദിവാസി കുടുംബത്തിലെ 597 പേരും സ്ഥലമോ വീടോ ഇല്ലാത്തവരാണ്.
ഓരോ വർഷത്തെ ബഡ്ജറ്റിലും ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകാൻ വലിയ തുക സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഗുണം നിസ്വരായ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നില്ല. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2016 മുതൽ ഈ വർഷം മാർച്ച് വരെ ആകെ 79.66 ഏക്കർ ഭൂമി ബജറ്റിൽ നീക്കിവെച്ച തുക പ്രകാരം വാങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതാ 1541 ഉപഭോക്താക്കൾക്കായി വീട് വെക്കാനായി വിതരണം ചെയ്തിട്ടുണ്ട്. ഓരോ വർഷവും നൂറിലധികം പേർക്കാണ് ഭൂമി നൽകിയത്. എന്നാൽ പല സാങ്കേതിക കാരണങ്ങളാൽ ഇവിടെ വീടുകൾ ഉയർന്നിട്ടില്ല.
ലൈഫ് മിഷൻ ഭവന നിർമാണത്തിന്റെ ഭാഗമായി പട്ടികജാതി പട്ടിക വർഗ കുടുംബത്തിൽപ്പെട്ടവർക്കും വീട് നിർമിച്ച് നൽകുന്നുണ്ട്. എന്നാൽ ഇതിന്റെ ഗുണവും എല്ലാവർക്കും ലഭിക്കുന്നില്ല. പദ്ധതി തുടങ്ങിയത് മുതൽ ഇതുവരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 3489 പേർക്കും ആദിവാസി വിഭാഗത്തിൽപ്പെട്ട 3920 പേർക്കുമാണ് ജില്ലയിൽ വീടുകൾ പാസായത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ ലഭ്യമാക്കിയത് ഒരുതരത്തിൽ ആദിവാസികൾക്ക് പ്രയോജനപ്പെട്ടിട്ടില്ല. ലൈഫ് പദ്ധതി വന്നതോടെ മറ്റ് പല ഭവന പദ്ധതികളും, ആദിവാസി പുനരധിവാസ ഫണ്ടുൾപ്പെടെ ലൈഫ് മിഷനിലേക്ക് മാറ്റി. ലൈഫിന്റെ ഗ്രേഡിങ് വരുമ്പോൾ പലപ്പോഴും ഇവരിൽ പലർക്കും വീട് പാസാകാറില്ല.
ഇതിലും രാഷ്ട്രീയ സാന്നിധ്യമുണ്ട്. അവർക്ക് താൽപര്യമുള്ളവർക്ക് വീട് നൽകുന്ന അവസ്ഥയുണ്ട്. ആറളം ഫാമിൽ 2006ൽ ലൈഫിൽ നൽകിയ ഒന്നേകാൽ ലക്ഷം രൂപയുടെ വീടുകളുണ്ട്. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. വീടുകളുടെ മേൽക്കൂരയെല്ലാം പൊളിഞ്ഞ് ഷീറ്റ് ഇട്ട നിലയിലാണ് എല്ലാം. ഇത്തരത്തിൽ 150 ഓളം വീടുകളാണുള്ളത്. പലരും ഈ വീടുകൾ ഉപേക്ഷിച്ചു. ഇവർക്ക് രണ്ടാംഘട്ടത്തിൽ വീടുകൾ ലഭ്യമാകണമെങ്കിൽ വീണ്ടും ലൈഫിൽ ഫണ്ട് പാസാകണം.
പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനും കോളനികളുടെ സമഗ്ര വികസനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയും അവതാളത്തിലാണ്. ഇതുവരെ 14 ഗ്രാമങ്ങളുടെ നവീകരണ പ്രവൃത്തി മാത്രമാണ് ജില്ലയിൽ പൂർത്തിയായത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതി വഴി വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലയിൽ 2016-17 മുതൽ ഇതുവരെ ആകെ 33 ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തത്. നാളിതുവരെയായി വെറും 39.39 ശതമാനം പ്രവൃത്തി മാത്രമാണ് ജില്ലയിൽ ആകെ നടന്നത്.
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനി വാസികളുടെ ജീവിത നിലവാരം ഉയർത്തുക, റോഡ്, പാലം, ശൗചാലയം, കിണർ, ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം വിദ്യാഭ്യാസ പരമായ പരാധീനതകൾക്ക് പരിഹാരം കാണുക, സാംസ്‌കാരിക നിലയവും ലൈബ്രറികളും സ്ഥാപിക്കുക, കോളനികളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തൽ, ഇന്റർനെറ്റ് സംവിധാനം, കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.