തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്‌റ്റേഷന്‍ കടവില്‍നിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്. ബെയ്‌ലിന്‍ ദാസ് ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്എച്ചഒയ്ക്കാണു വിവരം ലഭിച്ചത്. പൊലീസ് വ്യാപകമായി വലവിരിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മാറി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു. തുമ്പ സ്‌റ്റേഷനില്‍നിന്ന് വഞ്ചിയൂര്‍ സ്‌റ്റേഷനിലേക്ക് എത്തിച്ച ബെയ്‌ലിന്‍ ദാസിനെ ചോദ്യം ചെയ്തതിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.
ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ബെയ്‌ലിന്‍ ദാസ് ജാമ്യഹര്‍ജിയില്‍ പറയുന്നത്.
അഭിഭാഷകയെ മർദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് അഭിഭാഷകന്‍ ശ്യാമിലിയെ മർദിച്ചത്.