ബിടിഎസ്‌ തിരിച്ചു വരുന്നു

08:21 PM Jul 03, 2025 | Kavya Ramachandran

ദക്ഷിണകൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ്‌ നീണ്ട ഇടവേളയ്ക്കു ശേഷം മടങ്ങി വരവ് പ്രഖ്യാപിച്ചു. 2026 ൽ ലോക ടൂറിനൊപ്പം പുതിയ ആൽബവും ബാൻഡ് പുറത്തിറക്കും. എല്ലാ ബാൻഡ് അംഗങ്ങളും നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷമാണ് സംഗീത ലോകത്തേക്ക് ബോയ് ബാൻഡ് തിരികെ വരുന്നത്. ലൈവ് സ്ട്രീമിലൂടെയാണ് ബാൻഡ് ഈ വിവരം അറിയിച്ചത്. പുതിയ ആൽബത്തിന്റെ വർക്കുകൾക്കായി ബാൻഡിലെ ഏഴുപേരും ഈ മാസം അമേരിക്കയിൽ ഒത്തുചേരുമെന്നും അറിയിച്ചു.

“ഹേ ഗയ്‌സ്, വീ ആർ ബാക്ക്” ജിമിൻ പറഞ്ഞു. “പുതിയ ആൽബത്തോടൊപ്പം ഒരു വേൾഡ് ടൂറും ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള ആരാധകരെ ഞങ്ങൾ സന്ദർശിക്കും, അതിനാൽ ഞങ്ങളെപ്പോലെ തന്നെ നിങ്ങളും ആവേശഭരിതരായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” ബാൻഡ് പറഞ്ഞു

2022 ലെ ‘പെർമിഷൻ ടു ഡാൻസ് ഓൺ സ്റ്റേജ്’ എന്ന സ്റ്റേജ് ടൂറിന് ശേഷമുള്ള ബിടിഎസിന്റെ ആദ്യ ലോക പര്യടനമാണിത്. അംഗങ്ങൾക്ക് നിർബന്ധ സൈനിക സേവനത്തിന് പോകേണ്ടി വന്നതിനാലാണ് സ്റ്റേജ് ടൂറുകൾ നിർത്തിവെച്ചിരുന്നത്. 2020 ന് ശേഷമുള്ള ബാൻഡിന്റെ ആദ്യത്തെ ഫുൾ ലെങ്ത്ത് റിലീസ് ആയിരിക്കും പുതിയ ആൽബം.