ന്യൂഡൽഹി: ജനങ്ങളുടെ, ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ അവതരിപ്പിച്ച ബജറ്റാണിതെന്ന് ധനമന്ത്രി നിർമല സീതരാമൻ. മധ്യവർഗത്തിനായി നികുതി കുറച്ച ആശയത്തിനുപിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഈ തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ വിശ്വസിപ്പിച്ചെടുക്കാൻ പ്രയാസപ്പെട്ടെന്നും അവർ വ്യക്തമാക്കി.
വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സത്യസന്ധതയോടെ നികുതി കൊടുക്കുന്നവരായിട്ടും തങ്ങളുടെ ആശയാഭിലാഷങ്ങൾ അധികാരികൾ പരിഗണിക്കുന്നില്ലെന്ന മധ്യവർഗത്തിന്റെ പരാതിയാണ് പരിഗണിച്ചത്.
പണപ്പെരുപ്പം ഉൾപ്പെടെ കാര്യങ്ങൾ കുറക്കാൻ സർക്കാർ നടപടി വേണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അവർക്ക് ആശ്വാസം പകരാനുള്ള നടപടികളെടുക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശമെന്നും അവർ പറഞ്ഞു. സ്വന്തം നിലയിൽ ബജറ്റിനെ വിലയിരുത്താൻ അഭ്യർഥിച്ചപ്പോഴാണ് നിർമല എബ്രഹാം ലിങ്കന്റെ പ്രശസ്തമായ ‘ജനങ്ങൾ ജനങ്ങൾക്കുവേണ്ടി’യെന്ന വാചകം കടമെടുത്തത്.
നികുതിയിലെ മാറ്റം മധ്യവർഗത്തിന്റെ കൈയിൽ കൂടുതൽ പണമെത്താൻ കാരണമാകും. അതു വീട്ടിലേക്കുള്ള ഉപഭോഗവും സമ്പാദ്യവും നിക്ഷേപവും വർധിപ്പിക്കും. നികുതി പരിധി മാറ്റൽ കുറച്ചുകാലമായി ആലോചനയിലുള്ളതാണ്. പ്രത്യക്ഷ നികുതി ലളിതമാക്കുകയെന്നതായിരുന്നു ഒരു പ്രധാന ആശയം. ഇതിനുള്ള കാര്യങ്ങൾ 2024ലെ ബജറ്റിലേ തുടങ്ങിയിട്ടുണ്ട്.
നികുതിയുടെ ഭാഷ ലളിതമാക്കലും നികുതിയടക്കൽ ഭാരമാവാതിരിക്കലും ഇതിനുള്ള പ്രക്രിയ ഉപഭോക്തൃ സൗഹൃദവുമാക്കുന്നതുമായ നിയമം പരിഗണനയിലുണ്ട്. നികുതിയടക്കേണ്ട വരുമാനത്തിലേക്ക് ഉയർന്നവരെയും നികുതിയടക്കാത്തവരെയും കണ്ടെത്തി നികുതി ദായകരാക്കേണ്ടത് വലിയ ദൗത്യംതന്നെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.