
കൊച്ചി: കെട്ടിടങ്ങൾക്ക് മുകളിലെ തുറന്ന മേൽക്കൂരയ്ക്ക് നികുതി ഈടാക്കേണ്ടതില്ലായെന്ന് ഹൈക്കോടതി.കെട്ടിടത്തിൻറെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താൽക്കാലിക സംവിധാനങ്ങൾ നിർമിക്കാറുള്ളത്. അതേസമയം, ട്രസ് വർക്ക് ചുറ്റും അടച്ചുകെട്ടിയ നിലയിലാണെങ്കിൽ നികുതി ഈടാക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
വാണിജ്യസ്ഥാപനത്തിനു മുകളിൽ ട്രസ് ഇട്ടതിന്റെ പേരിൽ 2,80,800 രൂപ അധികനികുതി കണക്കാക്കിയതിനെതിരെ ചേർത്തല സ്വദേശികളായ സേവ്യർ ജെ. പൊന്നേഴത്ത്, ജോസ് ജെ. പൊന്നേഴത്ത് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പാരപ്പറ്റ് ഉള്ള ഭാഗം ഭാഗികമായി അടച്ചുകെട്ടിയിരിക്കുകയാണെന്നും ട്രസ് ഇട്ടിടത്ത് സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചേർത്തല തഹസിൽദാർ നികുതി ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, പാരപ്പറ്റ് കെട്ടിടത്തിൻറെ സുരക്ഷയുടെ ഭാഗമാണെന്നും സാധനങ്ങൾ സൂക്ഷിച്ചത് കെട്ടിടത്തിൻറെ വിനിയോഗമായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി കോടതി ഈ ഉത്തരവ് റദ്ദാക്കി. അതേസമയം, ട്രസുകൾ സ്ഥാപിച്ച ഭാഗം താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് നികുതി ഈടാക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി.
ട്രസ് ഒഴിവാക്കി 1328 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് ആറുലക്ഷം രൂപക്ക് മുകളിലാണ് നികുതി കണക്കാക്കിയിരിക്കുന്നതെന്നും സർക്കാർ മാനദണ്ഡപ്രകാരം സോളാർ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാൽ ഇതിൽ 50 ശതമാനം ഇളവ് വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, കെട്ടിടം നിർമിച്ച സമയത്ത് ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യം അനുവദിച്ചില്ല.