+

ബ്യൂറോക്രസി പതിവ് ഭരണത്തെക്കുറിച്ചു മാത്രമല്ല, പരിവര്‍ത്തനത്തെക്കുറിച്ചുമാണ്: ശാരദ മുരളീധരന്‍

ബ്യൂറോക്രസി പതിവ് ഭരണത്തെക്കുറിച്ചു മാത്രമല്ല, പരിവര്‍ത്തനത്തെക്കുറിച്ചുമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. ടെക്നോപാര്‍ക്ക് കമ്പനിയായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസില്‍ 'ഇന്‍സ്പയേഡ് ടോക്സ്' പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിരുവനന്തപുരം: ബ്യൂറോക്രസി പതിവ് ഭരണത്തെക്കുറിച്ചു മാത്രമല്ല, പരിവര്‍ത്തനത്തെക്കുറിച്ചുമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. ടെക്നോപാര്‍ക്ക് കമ്പനിയായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസില്‍ 'ഇന്‍സ്പയേഡ് ടോക്സ്' പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവച്ച് കൊണ്ട് ബ്യൂറോക്രസിക്ക് കൊണ്ടുവരാന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചും വ്യവസ്ഥകള്‍ക്ക് പരിമിതികള്‍ ഉണ്ടെങ്കിലും അവയെ നിരന്തരം നവീകരിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. കുടുംബശ്രീയിലെ സ്ത്രീകളായിരുന്നു ആ മിഷന്‍റെ പിന്നിലെ ഏറ്റവും വലിയ പ്രചോദനം. അവരെ മനസ്സിലാക്കുകയും കേള്‍ക്കുകയും ചെയ്യാനായത് കുടുംബശ്രീയുടെ വിജയത്തില്‍ നിര്‍ണായകമായെന്ന് ശാരദ മുരളീധരന്‍ സൂചിപ്പിച്ചു.

നിറത്തിന്‍റെ പേരില്‍ താന്‍ നേരിട്ട വിവേചനത്തെ മറികടന്ന അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് നമ്മള്‍ എന്താണോ അതില്‍ സൗന്ദര്യം കണ്ടെത്തുക എന്നതാണ് പ്രധാനമെന്ന സന്ദേശം അവര്‍ പങ്കുവച്ചു. ചീഫ് സെക്രട്ടറി ആയിരുന്നപ്പോള്‍ നൃത്തം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നൃത്തം സ്വാതന്ത്ര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ആവിഷ്കാരമാണെന്നും ജോലിയില്‍ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ആത്മവിശ്വസമുണ്ടാകേണ്ടതിനെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശാരദ മുരളീധരന്‍ പറഞ്ഞു.

നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍, മിനിസ്ട്രി ഓഫ് പഞ്ചായത്തിരാജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവിടങ്ങളിലെ തന്‍റെ ഔദ്യോഗിക അനുഭവങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു.

2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്, ലോകത്തിലെ പല മികച്ച ബ്രാന്‍ഡുകള്‍ക്കും എഐ അടിസ്ഥാനപ്പെടുത്തിയുള്ള നവീന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ്.

facebook twitter