പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഉത്തർപ്രദേശിലെ വ്യവസായി പിടിയിൽ

12:33 PM May 19, 2025 | Kavya Ramachandran

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ ഒരു ബിസിനസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) യ്ക്ക് വേണ്ടി അതിർത്തി കടന്നുള്ള കള്ളക്കടത്തും ചാരവൃത്തിയും നടത്തിയെന്ന വിവരത്തെ തുടർന്നാണ് മൊറാദാബാദിൽ നിന്ന് ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഞായറാഴ്ച  പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ പാകിസ്ഥാനിലുള്ള ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് കൈമാറുന്നുണ്ടെന്ന് എസ്ടിഎഫ് പറഞ്ഞു. ഷഹസാദ് വർഷങ്ങളായി പലതവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ അതിർത്തിയിലൂടെ സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കടത്തുന്നുണ്ടെന്നും എസ്ടിഎഫ് കണ്ടെത്തിയിട്ടുണ്ട്. ഐഎസ്‌ഐക്കുവേണ്ടി രഹസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള മറയായിട്ടാണ് ഇയാൾ ഈ നിയമവിരുദ്ധ വ്യാപാരങ്ങൾ നടത്തിയിരുന്നതെന്നും എസ്ടിഎഫ് പറഞ്ഞു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഐഎസ്‌ഐ ഏജന്റുമാർക്ക് ഷഹസാദ് പണവും ഇന്ത്യൻ സിം കാർഡുകളും നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാംപൂർ ജില്ലയിൽ നിന്നും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ആളുകളെ ഐഎസ്‌ഐക്ക് വേണ്ടി റിക്രൂട്ട് ചെയ്യുകയും ഇവരെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നതായും എസ്ടിഎഫ് പറയുന്നു.

പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാന ആസ്ഥാനമായുള്ള ഒരു യൂട്യൂബർ അറസ്റ്റിലായതിന് ദിവസങ്ങൾക്കുള്ളിലാണ് ഷഹസാദിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്.