+

വ്യാപാരിയെ ഹോട്ടൽമുറിയിൽ കെട്ടിയിട്ട് 20 കോടിയുടെ വജ്രാഭരണം കവർന്നു ; 4 പേർ പിടിയിൽ

വ്യാപാരിയെ ഹോട്ടൽമുറിയിൽ കെട്ടിയിട്ട് 20 കോടിയുടെ വജ്രാഭരണം കവർന്നു ; 4 പേർ പിടിയിൽ

ചെന്നൈ : ചെന്നൈയിൽ വയോധികനായ വജ്ര വ്യാപാരിയെ ഹോട്ടൽമുറിയിൽ കെട്ടിയിട്ട് കൊള്ള സംഘം 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് (70)വടപളനിയിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ നാല് പേർ പിടിയിലായി.  മറ്റൊരു വ്യാപാരിയായ ലണ്ടൻ രാജനെയും ഇയാളുടെ കൂട്ടാളിയെയും ഇടനിലക്കാരായ രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവകാശിയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്.

ചന്ദ്രശേഖറിനെ വജ്രം വാങ്ങാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിചച്ച് വരുത്തിയാണ് സംഘം കവർച്ച നടത്തിയത്. മോഷണത്തിന് വൻ പ്ലാനിങ് ആണ്  ലണ്ടൻ രാജനും കൂട്ടാളികളും നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖറിനെ വജ്രാഭരണങ്ങൾ വാങ്ങാമെന്ന് സംഘം വിശ്വസിപ്പിച്ചു. പിന്നീട്  ഞായറാഴ്ച ആഭരണങ്ങൾ കൈമാറാമെന്ന് തീരുമാനിച്ചു. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ഞായറാഴ്ച ചന്ദ്രശേഖർ ഹോട്ടലിലെത്തി. മകൾ ജാനകിയും ചന്ദ്രശേഖറിനൊപ്പമുണ്ടായിരുന്നു.

എന്നാൽ ഇടപാടുകാർ മകളെ കൂട്ടേണ്ടെന്ന് ആവശ്യപ്പെട്ടു. ഇതോടെ ചന്ദ്രശേഖർ തനിച്ച് ഹോട്ടൽ മുറിയിലേക്ക് പോയി. വജ്രാഭരണങ്ങൾ നൽകി പണം വാങ്ങി മടങ്ങാമെന്ന് കരുതി മുറിയിലെത്തിയതും കാത്തിരുന്ന സംഘം വാതിൽ പൂട്ടി 70 കാരനായ ചന്ദ്രശേഖരനെ മർദ്ദിച്ചു. പിന്നീട് കെട്ടിയിട്ട ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഏറെ നേരമായിട്ടും അച്ഛനെ കാണാതായതോടെ മകൾ ജാനകി അന്വേഷിച്ചെത്തിയപ്പോഴാണ് ചന്ദ്രശേഖറിനെ മുറിക്കുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

ഇതോടെ ജാനകി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ  കേസെടുത്ത വടപളനി പൊലീസ് ഹോട്ടലിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽനിന്നും പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. ഇതോടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ശിവകാശിയിലെ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് പ്രതികൾ പിടിയിലായത്. വടപളനി പൊലീസിൻറെ അറിയിപ്പ് പ്രകാരം തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ  കുടുങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

facebook twitter