അമേരിക്കന്‍ ജീവിതം സ്വപ്നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുരുക്കില്‍, കുട്ടികള്‍ക്ക് പ്ലാന്‍ ബി നിര്‍ദ്ദേശിച്ച് വ്യവസായി, എല്ലാം ട്രംപിന്റെ പണി

04:57 PM Jan 31, 2025 | Raj C

ന്യൂഡല്‍ഹി: അമേരിക്കയില്‍ വിദ്യാഭ്യാസവും ജോലിയുമെന്നത് ഒരുകാലത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. സാമ്പത്തികമായും വിദ്യഭ്യാസപരമായും മുന്നിലുള്ളവര്‍ക്ക് അമേരിക്കയിലെത്താനും ജോലി കണ്ടെത്താനും അവിടെ സ്ഥിരതാമസമാക്കാനും സാധിച്ചിരുന്നു. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് വിദേശികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയതോടെ വിദ്യാര്‍ത്ഥികള്‍ മറ്റു വഴികള്‍ നോക്കേണ്ട അവസ്ഥയാണ്.

അമേരിക്കയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുന്ന മാതാപിതാക്കള്‍ ഒരുപക്ഷേ ഒരു പുതിയ പ്ലാന്‍ തയ്യാറാക്കേണ്ടിവരും. എന്‍ട്രപ്രണീര്‍ വിജയ് തിരുമലൈ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റില്‍, വീസാ സ്‌ക്രീനിംഗ് മൂലം ഇന്റേണ്‍ഷിപ്പുകളും ജോലികളും നേടുന്നതില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എടുത്തുപറഞ്ഞു.

എഡിറ്റര്‍ സ്മിത പ്രകാശിന്റെ ഒരു പോസ്റ്റിലാണ് വിജയ് തിരുമലൈ പ്രതികരിച്ചത്. അമേരിക്കയില്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് കിട്ടുന്നത് പോലും വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സ്‌ക്രീനിംഗില്‍ തന്നെ നിരാകരിക്കപ്പെടുന്നു. യുഎസില്‍ അനിശ്ചിതകാലം ജോലി ചെയ്യാന്‍ അനുമതിയുണ്ടോ? എന്ന ചോദ്യത്തിന് ഇല്ല എന്ന് പറയുന്നവരെ ഉടന്‍ തള്ളുകയാണെന്നും അദ്ദേഹം എഴുതി.

അമേരിക്കയില്‍ ബിരുദം നേടാന്‍ 3 ലക്ഷം ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) ചെലവഴിക്കുന്നതിന് പകരം, മാതാപിതാക്കള്‍ മാറി ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉപദേശിച്ചു.

വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ അയക്കുന്നതിന് പകരം, തിരുമലൈ രണ്ട് ബദല്‍ ഓപ്ഷനുകള്‍ സൂചിപ്പിച്ചു. 3 ലക്ഷം ഡോളറിന് മികച്ച റിട്ടേണ്‍ വേണമെങ്കില്‍, കാനഡ, ജര്‍മ്മനി തുടങ്ങിയ സ്ഥിരതാമസം സാധ്യമായ രാജ്യങ്ങളിലെ ടോപ്പ് സ്‌കൂളുകള്‍ തിരഞ്ഞെടുക്കാമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. ഇബി 5 വിസയിലൂടെ ഗ്രീന്‍കാര്‍ഡ് നേടാനുള്ള മറ്റൊരു മാര്‍ഗവും ഉപദേശിക്കുന്നുണ്ട്.

എച്ച്1 ബി വിസ കിട്ടാന്‍ ബുദ്ധിമുട്ടേറിയതോടെ ഇബി 5 വിസയാണ് എളുപ്പമായ വഴി. ഇബി 5 ലൂടെ ബിരുദ പഠനത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അനുമതി ലഭിക്കുകയും 24-25 വയസ്സിന് മുന്‍പ് ഗ്രീന്‍ കാര്‍ഡ് ഉറപ്പാക്കുകയും ചെയ്യാം. ഇത് ഉന്നത ജോലികള്‍, ഇന്റേണ്‍ഷിപ്പുകള്‍, അല്ലെങ്കില്‍ സ്വന്തം സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇബി 5 വിസയ്ക്കായി ഏകദേശം 2 കോടിരൂപയോളം ചെലവു വന്നേക്കും.