ക്യാൻസർ എന്നത് പ്രധാനമായും ഒരു ജീവിത ശൈലീ രോഗമായതിനാൽ കുടുംബനാഥകളെന്ന നിലക്ക് സ്ത്രീകൾക്ക് ക്യാൻസറിനെ ചെറുക്കുവാൻ വലിയ പങ്കു വഹിക്കാനാകും എന്ന് അഡ്വ യൂ പ്രതിഭ എം എൽ ഏ പറഞ്ഞു. അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദത്തിനെതിരേ "ബൈ ബൈ ബ്രെസ്റ് ക്യാൻസർ" എന്ന പേരിൽ ബോധവത്കരണ പരിപാടി ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഹോട്ടലുകളെ കഴിയുന്നതും ഒഴിവാക്കി വീടുകളിൽത്തന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന ശീലം കുടുംബാങ്കങ്ങങ്ങളിൽ ഉണ്ടാക്കി എടുക്കണം എന്ന് ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുനിന്നു വരുന്ന വിഷം ചേർന്ന പച്ചക്കറികളും മായം കലർന്ന മറ്റു ഭക്ഷ്യ വസ്തുക്കളും വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഹോട്ടലുകളും മറ്റും എന്നതിനാൽ കുറഞ്ഞ സൗകര്യങ്ങളാണ് ഉള്ളതെങ്കിലും അവിടൊക്കെ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന സാഹചര്യം ഒരുക്കണം.
സ്ത്രീകൾ തങ്ങളുടെ ആരോഗ്യം കൂടി കണക്കിലെടുത്തു കുറച്ചു സമയമെങ്കിലും വ്യായാമത്തിനു ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് എം എൽ ഏ പറഞ്ഞു.
അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് പ്രൊഫസർ ഡോ ബി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ അനുസ്മിത ആൻഡ്രൂസ് വിഷയം അവതരിപ്പിച്ചു. പള്ളിക്കൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുശീല ദേവി തങ്കച്ചി, ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, ഡോ നിർപ്പിൻ ക്ളീറ്റസ് എന്നിവർ സംസാരിച്ചു.
പരിപാടിക്ക് മുൻപായി ബൈ ബൈ ബ്രെസ്റ് ക്യാൻസർ എന്നെഴുതിയ പ്ലാക്കാർഡുമായി നടത്തിയ വാഹന ജാഥക്ക് മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ നേതൃത്വം നൽകി