കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ

11:15 AM May 22, 2025 | Kavya Ramachandran

ചേരുവകൾ…
മൈദ – 120 ഗ്രാം
പൗഡേർഡ് ഷുഗർ / കാസ്റ്റർ ഷുഗർ – 150
ബട്ടർ – 55 ഗ്രാം
മുട്ട – 2 എണ്ണം
കൊക്കോ പൗഡർ – ഒരു ടേബിൾ സ്പൂൺ
സൈഡർ വിനിഗർ – അര ടീസ്പൂൺ
ബേക്കിംഗ് സോഡ – അര ടീസ്പൂൺ
തൈര് – 100 ഗ്രാം
റെഡ് കളർ – ഇഷ്ടാനുസരണം ചേർക്കാം ( അര ടേബിൾ സ്പൂൺ തന്നെ മതിയാകും )
വനില എസൻസ് – അര ടീസ്പൂൺ
ഇനി കേക്ക് തയ്യാറാക്കാൻ…
ആദ്യം ഒരു ബൗളിലേക്ക് കാസ്റ്റർ ഷുഗറും ബട്ടറും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് മുട്ടയും പൊട്ടിച്ച് ചേർത്ത് ബീറ്റ് ചെയ്തുവയ്ക്കണം.
ഇനി, മൈദയിലേക്ക് ഒരു ടീസ്പൂൺ കൊക്കോ പൗഡർ ഇട്ട ശേഷം മൂന്ന് പ്രാവശ്യം അരിച്ച ശേഷം മാറ്റിവയ്ക്കണം. നേരത്തേ തയ്യാറാക്കി വച്ച മിശ്രിതത്തിലേക്ക് തൈര് കൂടി ചേർത്ത് എല്ലാം യോജിപ്പിച്ചെടുക്കുക. ഈ ഘട്ടത്തിൽ പിരിഞ്ഞുപോകുന്നതായി തോന്നിയാലും കുഴപ്പമില്ല. ഇതിന് ശേഷം കളർ ചേർക്കാം. ഇനി വനില എസൻസ് കൂടി ചേർത്ത് വയ്ക്കാം.
അടുത്ത ഘട്ടത്തിൽ മറ്റൊരു ബൗളിൽ ബേക്കിംഗ് സോഡയും സൈഡർ വിനിഗറും കൂടി മിക്‌സ് ചെയ്‌തെടുക്കണം. ആദ്യം തയ്യാറാക്കി വച്ചതിലേക്ക് ഇതുകൂടി ചേർക്കുക. ഒരു മിനുറ്റോളം ഒന്ന് യോജിപ്പിച്ച് കൊടുക്കാം. ഒരുപാട് ബീറ്റ് ചെയ്യേണ്ട കാര്യമില്ല. ഇപ്പോൾ കേക്ക് തയ്യാറാക്കാനുള്ള കൂട്ട് ആയിക്കഴിഞ്ഞു. ഇനിയിത് ബേക്ക് ചെയ്‌തെടുക്കാം. ഇതുതന്നെ കപ്പ് കേക്കായും ഉണ്ടാക്കാം. അല്ലെങ്കിൽ 450- 500 ഗ്രാമിനടുത്ത് വരുന്ന സിംഗിൾ കേക്കായും തയ്യാറാക്കാം.
കേക്ക് തയ്യാറായതിന് ശേഷം ഇഷ്ടമുള്ള തീമിൽ അലങ്കരിക്കാം. ക്രിസ്തുമസ് ആയതിനാൽ വെള്ളയും ചുവപ്പും നിറത്തിലുള്ള എന്തെങ്കിലും തെരഞ്ഞെടുക്കാം. ബട്ടർ ഐസിംഗ് ഫ്‌ളവേഴ്‌സോ മറ്റോ ഇതിന് ഉപയോഗിക്കാവുന്നതാണ്.